Enter your Email Address to subscribe to our newsletters

Kerala, 25 നവംബര്‍ (H.S.)
പയ്യന്നൂരില്‍ പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി. സി പി എം പ്രവര്‍ത്തകരായ നന്ദകുമാര്‍, വി.കെ നിഷാദ് എന്നിവര്‍ക്കാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 20 വര്‍ഷം തടവിനു പുറമെ, രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷയായി വിധിച്ചു. ശിക്ഷിക്കപ്പെട്ട വി.കെ നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ പുതിയങ്കാവിലെ 46-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. നിലവില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് നിഷാദ്.
ജനപ്രാതിനിധ്യ നിയമപ്രകാരം, മത്സരിച്ച് വിജയിച്ചാല്‍ പോലും 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നിഷാദിന് ജനപ്രതിനിധിയായി തുടരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ നിയമതടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
ഈ സമയത്ത് പയ്യന്നൂര്‍ ടൗണില്‍ വച്ച് പോലീസിനെതിരെ നിഷാദും നന്ദകുമാറും ഉള്‍പ്പെടെയുള്ള പ്രതികള്‍ ബോംബ് എറിയുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം, സ്‌ഫോടക വസ്തു നിരോധന നിയമത്തിലെ 3, 4 വകുപ്പുകള്‍ എന്നിവ തെളിഞ്ഞതായി കോടതി കണ്ടെത്തി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്തിന്റേതാണ് വിധി.
---------------
Hindusthan Samachar / Sreejith S