Enter your Email Address to subscribe to our newsletters

Pathanamthitta, 25 നവംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊളളയില്‍ റിമാന്‍ഡിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് എതിരെ നടപടി സ്വീകരിക്കുന്നതില്‍ സിപിഎമ്മില്‍ സജീവ ചര്‍ച്ചകള്‍. ഇന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കും. പത്മകുമാറിന് എതിരെ നടപടി വൈകുന്നതില്‍ സിപിഎമ്മില്‍ വിമര്‍ശനം ശക്തമാകുന്നുണ്ട്.
സിപിഎം നോമിനിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷം നടത്തിയ തട്ടിപ്പില്‍ നടപടി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് പത്തനംതിട്ട ജില്ലയിലെ നേതൃത്വത്തിന്റെ അടക്കം നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിലെ സാധ്യതകളെ മുഴുവന്‍ ഇല്ലാതാക്കുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പത്മകുമാറിന് എതിരെ നടപടി സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നവരും പാര്‍ട്ടിയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന മുറക്ക് നടപടി ആകാം എന്നാണ് ഇവരുടെ അഭിപ്രായം. സംസ്ഥാന നേതൃത്വത്തിലും ഈ നിലപാടാണ് എന്നാണ് വിവരം.
ശബരിമല യുവതീ പ്രവേശന കാലം മുതല്‍ പത്മകുമാര്‍ പാര്‍ട്ടിക്ക് അനഭിമതനാണ്. ഒരു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളായിരുന്നു പത്മകുമാര്‍. എന്നാല്‍ ഇപ്പോള്‍ ആ ബന്ധവുമില്ല. പത്തനംതിട്ടയിലെ ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഷയത്തിലും വിമതപക്ഷത്താണ്. അതുകൊണ്ട് തന്നെ ഒരു അച്ചടക്ക നടപടി എളുപ്പമാണ്. എന്നാല്‍ സിപിഎമ്മിനെ അതില്‍ നിന്നും ചിന്തിപ്പിക്കുന്നത് കേസില്‍ പത്മകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കുന്ന മൊഴിയിലെ ആശങ്കയാണ്. നേരത്തെ തന്നെ സര്‍ക്കാരിന് ലഭിച്ച് അപേക്ഷയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി കൈമാറാന്‍ ബോര്‍ഡ് തീരുമാനം എടുത്തത് എന്ന് പത്മകുമാര്‍ മൊഴി നല്‍കി എന്നാണ് പുറത്തു വരുന്ന വിവരം. അതില്‍ ഉറച്ചു നിന്നാല്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിയാകുന്ന സ്ഥിതിയുണ്ടാകും. അത് പാര്‍ട്ടിയെ തകര്‍ക്കുന്ന ഒന്നാകും എന്ന് സിപിഎമ്മിന് നന്നായി അറിയാം.
---------------
Hindusthan Samachar / Sreejith S