നടിയെ ആക്രമിച്ച കേസില്‍ ഇടപെടേണ്ടന്ന് ചിലര്‍‌ പി.ടി.തോമസിനോട് അഭ്യര്‍ഥിച്ചെന്ന് ഉമ തോമസ് എംഎല്‍എ.
Eranakulam , 25 നവംബര്‍ (H.S.) എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ഇടപെടേണ്ടന്ന് ചിലര്‍‌ തന്റെ ഭർത്താവ് പി.ടി.തോമസിനോട് അഭ്യര്‍ഥിച്ചെന്ന് ഉമ തോമസ് എംഎല്‍എ. താന്‍ ഒന്നും കൂട്ടിയും പറയില്ല, കുറച്ചും പറയില്ലെന്ന് പി.ടി.പറഞ്ഞു. അതേസമയം ആ പേരുകള്‍ താന
നടിയെ ആക്രമിച്ച കേസില്‍ ഇടപെടേണ്ടന്ന് ചിലര്‍‌ പി.ടി.തോമസിനോട് അഭ്യര്‍ഥിച്ചെന്ന് ഉമ തോമസ് എംഎല്‍എ.


Eranakulam , 25 നവംബര്‍ (H.S.)

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ഇടപെടേണ്ടന്ന് ചിലര്‍‌ തന്റെ ഭർത്താവ് പി.ടി.തോമസിനോട് അഭ്യര്‍ഥിച്ചെന്ന് ഉമ തോമസ് എംഎല്‍എ. താന്‍ ഒന്നും കൂട്ടിയും പറയില്ല, കുറച്ചും പറയില്ലെന്ന് പി.ടി.പറഞ്ഞു. അതേസമയം ആ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു. ​നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന് വരുന്ന പശ്ചാത്തലത്തിലായിരുന്നു ഉമ തോമസ് എം എൽ എ യുടെ പ്രതികരണം.

എട്ടുവർഷം നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പ്രോസിക്യൂഷൻ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ നൂറിലേറെ ദിവസമാണ് വിസ്തരിച്ചത്. ഏപ്രില്‍ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്‍റെ അന്തിമവാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധിക്ക് മുന്നോടിയായി വാദങ്ങളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ഏഴ് മാസം. എട്ട് വര്‍ഷം നീണ്ട വിചാരണനപടികള്‍ക്കൊടുവില്‍ ഡിസംബര്‍ എട്ടിന് വിധിയെന്ന് ജ്ഡജി ഹണി എം വര്‍ഗീസ് വ്യക്തമാക്കി. തദേശതിരഞ്ഞെടുപ്പിന് തൊട്ടു തലേദിവസമുള്ള വിധി നടന്‍ ദിലീപിനടക്കം ഏറെ നിര്‍ണായകമാണ്.

2017 ഫെബ്രുവരി 17നാണ് തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പുറപ്പെട്ട നടി ആക്രമിക്കപ്പെട്ടത്. കൂട്ട ബലാല്‍സംഗം, ഗൂഡാലോചന തെളിവ് നശിപ്പിക്കലടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ഒന്നാംപ്രതിയായ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയായി. വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ഹണി.എം.വർഗീസിന് ചുമതല നല്‍കി. 2020 ജനുവരി ആറിന് ഒന്നാം പ്രതി പൾസർ സുനി, എട്ടാം പ്രതി നടൻ ദിലീപ് അടക്കമുള്ള 10 പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തി. കൃത്യം നടന്ന് ഏകദേശം മൂന്നുവർഷം പിന്നിടുമ്പോൾ ജനുവരി 30 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.

---------------

Hindusthan Samachar / Roshith K


Latest News