Enter your Email Address to subscribe to our newsletters

Pathanamthitta, 26 നവംബര്‍ (H.S.)
ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഈ മണ്ഡലകാലത്ത് സന്നിധാനത്ത് എത്തിയവരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. ഇന്ന് ഉച്ച വരെ അരലക്ഷം പേർ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. സന്നിധാനത്തും പമ്പയിലും കർശന നിയന്ത്രണങ്ങൾ തുടരുന്നതിനാൽ തിരക്ക് നിയന്ത്രണ വിധേയമാണ്. തടസങ്ങളില്ലാതെ സുഗമമായി ദർശനം നടത്താൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് ഭക്തർ.
രാവിലെ മുതൽ നടപ്പന്തലിൽ വലിയ ക്യൂ ആയിരുന്നെങ്കിലും ഭക്തർക്ക് അധിക നേരം കാത്തുനിൽക്കേണ്ടി വന്നില്ല. തിരക്ക് വർധിച്ച സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്തിയത് തുടരുകയാണ്. ഉച്ചവരെ അരലക്ഷം ഭക്തർ സന്നിധാനത്തെത്തി ദർശനം നടത്തി. മണ്ഡലകാലം ആരംഭിച്ച് പത്ത് ദിനം പിന്നിടുമ്പോൾ ഒൻപത് ലക്ഷം തീർഥാടകരാണ് മല ചവിട്ടിയത്.
വരും ദിവസങ്ങളിലും ഭക്തരുടെ എണ്ണം കൂടാനുള്ള സാധ്യത മുൻനിർത്തി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാറും ഭരണസമിതി അംഗങ്ങളും സന്നിധാനത്ത് എത്തും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR