Enter your Email Address to subscribe to our newsletters

palakkad, 26 നവംബര്‍ (H.S.)
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ വിജയിപ്പിക്കാന്‍ കഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. അവര്‍ക്ക് വോട്ട് തേടി വീടു കയറും. അത് തന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. അത് ആര് എന്ത് പറഞ്ഞാലും തുടരും. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലുള്ള ആള്‍ പാലിക്കേണ്ട അച്ചടക്കം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്ന കാര്യങ്ങളെല്ലാം അനുസരിക്കുന്നുണ്ട്. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍ എന്നിവരെല്ലാം തന്റെ നേതാക്കളാണ്. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കരുത് എന്നാണ് അവര്‍ പറഞ്ഞത്. അത് പാലിക്കുന്നുണ്ട്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. പാര്‍ട്ടിയില്‍ ഏതെങ്കിലും പദവി ലഭിക്കാന്‍ വേണ്ടി വീടുകയറി തുടങ്ങിയതല്ല. വോട്ടില്ലാത്ത കാലത്ത് തുടങ്ങിയതാണ് അത്. ആ ശീലം രണ്ടു കാലും കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം തുടരുമെന്നും രാഹുല്‍ പ്രതികരിച്ചു.
ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് യുവതിയെ ഗര്‍ഭിണിയാകാനും ആബോര്‍ഷനും നിര്‍ബന്ധിക്കുന്ന ഓഡിയോ സംഭാഷണം വീണ്ടും പുറത്തുവന്നത്. ഇതോടെ പാര്‍ട്ടി വേദികളില്‍ നിന്ന് രാഹുലിനെ മാറ്റി നിര്‍ത്തണം എന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടത്.
---------------
Hindusthan Samachar / Sreejith S