Enter your Email Address to subscribe to our newsletters

Mumbai, 26 നവംബര്‍ (H.S.)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെ, തന്റെ ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം ബിസിസിഐക്ക് വിട്ടു കൊടുത്ത് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍.ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഗംഭീര്‍, താന്‍ രാജിവെക്കുമോ എന്ന ചോദ്യത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു.'എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. ഞാന്‍ പരിശീലകനായി ചുമതലയേറ്റ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പറഞ്ഞിരുന്നു, ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, ഞാനല്ല എന്ന്, ഇപ്പോഴും ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. എന്നെ പുറത്താക്കണോ അതോ നിലനിര്‍ത്തണോ എന്നത് ബിസിസിഐയുടെ തീരുമാനമാണ്.'
വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ കീഴില്‍ ടീം കൈവരിച്ച നേട്ടങ്ങളും ഗംഭീര്‍ ചൂണ്ടിക്കാട്ടി. 'ഇംഗ്ലണ്ടില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാക്കിയതും, ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയതും ഇതേ പരിശീലകനാണ് എന്നത് ആളുകള്‍ പെട്ടെന്ന് മറക്കുന്നു,' അദ്ദേഹം പറഞ്ഞു. കുറഞ്ഞ അനുഭവസമ്പത്തുള്ള ടീമാണ് ഇതെന്നും അവര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ ശേഷം ടെസ്റ്റ് ടീമിലെ ബാറ്റിങ് നിര പരാജയപ്പെടുകയാണെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ഗംഭീറിന്റെ രാജി ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ വലിയ രോഷം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗംഭീറിന്റെ ഇത്തരമൊരു വിശദീകരണം.
സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയോട് 2-0 എന്ന നിലയില്‍ ടെസ്റ്റ് പരമ്പര അടിയറവ് വക്കുന്നത് 25 വര്‍ഷത്തിന് ശേഷമാണ്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനവും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ മങ്ങിയതും ഗംഭീറിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S