Enter your Email Address to subscribe to our newsletters

Bengaluru, 26 നവംബര്‍ (H.S.)
കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധിയുടെ വാട്‌സാപ്പ് സന്ദേശം ലഭിച്ചു. രാഹുലിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡി.കെ. ശിവകുമാറിന് വാട്‌സാപ്പ് സന്ദേശം ലഭിച്ചത്. 'കാത്തിരിക്കൂ, ഞാന്‍ വിളിക്കാം' എന്ന സന്ദേശം രാഹുല്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ആഭ്യന്തര സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കാനായി ശിവകുമാര്‍ ഒരാഴ്ചയായി രാഹുല്‍ ഗാന്ധിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഈ സന്ദേശ കൈമാറ്റം. ശിവകുമാര്‍ നവംബര്‍ 29-ന് ഡല്‍ഹിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അതേ ദിവസം തലസ്ഥാനത്ത് തിരിച്ചെത്തുന്ന സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി തേടിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണാടകയില്‍, സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും അനുയായികള്‍ക്കിടയില്‍ രണ്ടര വര്‍ഷത്തെ അധികാര പങ്കുവെക്കല്‍ കരാറിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.
സിദ്ധരാമയ്യ തന്റെ ഭരണകാലത്തിന്റെ പകുതി പിന്നിടുമ്പോള്‍, മുന്‍പുണ്ടാക്കിയതെന്ന് അവകാശപ്പെടുന്ന കരാര്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാറിന്റെ അനുയായികള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. മറുവശത്ത്, ഔദ്യോഗികമായി ഇത്തരമൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായും, പറയപ്പെടുന്ന കരാറിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S