Enter your Email Address to subscribe to our newsletters

Kerala, 26 നവംബര്‍ (H.S.)
തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടമായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത്33,711പോളിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളില്‍28,127,മുനിസിപ്പാലിറ്റികളില്‍3569,കോര്‍പ്പറേഷനുകളില്‍2015പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. ഡിസംബര്‍9, 11തീയതികളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
പോളിംഗ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേര്‍തിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ആവശ്യമായിടത്ത് ഹരിതകര്‍മ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തണം.
പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി,കുടിവെള്ളം,ഫര്‍ണിച്ചറുകള്‍,ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടര്‍മാര്‍ക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചുകളും കസേരകളും തണലിനുള്ള സൗകര്യങ്ങളും ഒരുക്കണം.
പോളിംഗ് സ്റ്റേഷനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യമൊരുക്കുന്നതിന് ശ്രദ്ധ നല്‍കണം. കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കില്‍ അത് താല്‍ക്കാലികമായി ഒരുക്കണം. ഇവര്‍ക്കായി വിശ്രമസൗകര്യം പോളിംഗ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം. കാഴ്ചപരിമിതര്‍,ഭിന്നശേഷിക്കാര്‍,രോഗികള്‍,മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടര്‍മാര്‍ക്ക് ഒരു സഹായിയെ അനുവദിക്കുന്നതിനും പ്രത്യേക നിര്‍ദ്ദേശം നല്‍കണം.
പോളിംഗ് ദിവസവും തലേദിവസവും ആവശ്യമായ ലൈറ്റും ഫാനുകളും പ്രവര്‍ത്തനക്ഷമമാക്കണം. വൈദ്യുതി,വെള്ളം എന്നിവ കെട്ടിടത്തില്‍ ലഭ്യമല്ലെങ്കില്‍ കെ.എസ്.ഇ.ബി,വാട്ടര്‍ അതോറിറ്റി പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെട്ട് അത് ഉറപ്പാക്കണം. സാധിക്കാത്തപക്ഷം പോര്‍ട്ടബിള്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. വെളിച്ചമില്ലാത്ത സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ അതിനുള്ള ക്രമീകരണം അടിയന്തരമായി നടത്തണം. ഇതിനായി സമീപ സ്ഥാപനങ്ങളിലോ വീടുകളിലോ സൗകര്യം ഉപയോഗപ്പെടുത്തണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീയുടെ സഹകരണത്തോടെ നടത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഉള്‍പ്രദേശത്തുള്ള പോളിംഗ് സ്റ്റേഷനുകളിലെത്തുന്ന വഴികള്‍ വൃത്തിയാക്കുകയും,സ്റ്റേഷനുകളുടെ പരിസരം ശുചിയായി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മുന്‍പ് പൂര്‍ത്തിയാക്കുകയും വേണം. പോളിംഗ് ടീമുകള്‍ എത്തുമ്പോള്‍ സ്റ്റേഷനുകള്‍ വൃത്തിയായിരിക്കുകയും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള രീതിയില്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം.
അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും,വോട്ടെടുപ്പിന് ശേഷം ഉപയോഗിച്ച മുറികളും പരിസരവും വൃത്തിയാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നും ഇക്കാര്യങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
---------------
Hindusthan Samachar / Sreejith S