Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 നവംബര്‍ (H.S.)
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീലേഖ തിരഞ്ഞെടുപ്പ് പോസ്റ്ററിലും ഫ്‌ളക്‌സിലും ചുവരെഴുത്തിലുമൊക്കെ ശ്രീലേഖ ഐപിഎസ് എന്ന് ചേര്‍ത്തിരുന്നു. ഇതിനെതിരെ ആം ആദ്മി സ്ഥാനാര്‍ത്ഥി ടി എസ് രശ്മി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു് കമ്മീഷന്‍ ഐപിഎസ് എന്നത് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടത്. ചില പോസ്റ്ററുകളില്‍ കമ്മിഷന്‍ നേരിട്ടെത്തി 'ഐപിഎസ്' മായിച്ചു, തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ കുറച്ച് പോസ്റ്ററിലും ഫ്‌ളക്‌സിലും റിട്ടയേര്‍ഡ് എന്നുകൂടി എഴുതിചേര്‍ത്തിട്ടുണ്ട്.
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ഫയര്‍ഫോഴ്‌സ് ഡിജിപിയായിട്ടാണ് വിരമിച്ചത്. ഇതൊക്കെയാണെങ്കിലും സര്‍വീസില്‍നിന്നു വിരമിച്ച ശേഷം ശ്രീലേഖ പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചാണ് ടി എസ് രശ്മി കമ്മിഷന് പരാതി നല്കിയത്. മേയര്‍ സ്ഥാനത്തേക്ക് ബിജെപി ഉയര്‍ത്തിക്കാണിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ഈ മുന്‍ പോലീസ് ഉദ്യോഗസ്ഥ. നിലവില്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
---------------
Hindusthan Samachar / Sreejith S