Enter your Email Address to subscribe to our newsletters

Kochi, 26 നവംബര്‍ (H.S.)
മുനമ്പത്ത് വഖഫ് ഭൂമിയാണെന്ന് തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തെ ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി. കേസില്‍ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദേശം. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉള്‍പ്പെടെ ഹര്‍ജികളാണ് കോടതിയുടെ മുന്‍പാകെയുള്ളത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിനെ തുടര്‍ന്നു ഭൂസംരക്ഷണ സമിതി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് സി.ജയചന്ദ്രന്‍ ഇന്ന് ഇക്കാര്യത്തില്‍ ഇടക്കാല നിര്‍ദേശം നല്‍കിയത്.
വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശം ഉന്നയിച്ചെന്ന പേരില്‍ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫിസര്‍ തയാറാകുന്നില്ലെന്നും ഭൂസംരക്ഷണ സമിതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുനമ്പത്തേത്ത് വഖഫ് സ്വത്തല്ലെന്നും ഹൈക്കോടതിയുടെ ഇടപെടലുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോര്‍ഡ് എതിര്‍പ്പ് ഉന്നയിക്കുന്നതിനു ന്യായീകരണമില്ലെന്നും തങ്ങളുടെ സ്ഥലത്തിന്റെ നികുതി സ്വീകരിക്കാര്‍ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്കു നിര്‍ദേശം നല്‍കി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പോക്കുവരവ് ചെയ്യാനും സ്ഥലം കൈമാറാനും തണ്ടപ്പേരില്‍ മാറ്റം വരുത്താനും ഉള്‍പ്പെടെ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വഖഫ് ഭൂമിയാണെന്നു വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നു നേരിടുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി 2023ല്‍ നല്‍കിയ ഹര്‍ജിയാണിത്. ഫറോക്ക് കോളജ് മാനേജിങ് കമ്മിറ്റിയില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിലകൊടുത്തു വാങ്ങിയതാണ് ഭൂമി. ഇതിനുശേഷം ഭൂനികുതിയും അടച്ചിരുന്നു. എന്നാല്‍ വഖഫാണെന്ന് പ്രഖ്യാപിച്ചതോടെ റവന്യു അധികൃതര്‍ നികുതി സ്വീകരിക്കാതെയായി എന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുനമ്പത്ത് കരം സ്വീകരിച്ച് തുടങ്ങി. വിധിയില്‍ സന്തോഷം അറിയിച്ച മുനമ്പത്തുകാര്‍ മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S