എസ്‌ഐആറിന് സ്റ്റേ ഇല്ല, ഇടപെടണോ എന്ന് ഡിസംബര്‍ 2ന് തീരുമാനിക്കാം; സുപ്രീംകോടതി
New delhi, 26 നവംബര്‍ (H.S.) കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാ
Supreme Court HD


New delhi, 26 നവംബര്‍ (H.S.)

കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പേരില്‍ കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടീവെക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ എസ്‌ഐആറും തദ്ദേശതിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സഹകരിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ഇക്കാര്യം വ്യക്തമാക്കിയത്. എസ്‌ഐആറിന്റെ ഭാഗമായി 90 ശതമാനം ഫോമുകളും വിതരണംചെയ്തു. തിരികെ ലഭിച്ച ഫോമുകളില്‍ 50 ശതമാനം ഡിജിറ്റൈസ് ചെയ്‌തെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

കേരളത്തില്‍ എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സ്റ്റേ ആവശ്യത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ ബിഎല്‍ഒമാരുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് എം.വി. ഗോവിന്ദനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രണ്‍ജിത് കുമാറും അഭിഭാഷകന്‍ ജി. പ്രകാശും കോടതിയില്‍ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News