Enter your Email Address to subscribe to our newsletters

Kochi, 26 നവംബര്‍ (H.S.)
സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരില്‍ ഒരു ആശുപത്രിയും ജീവന്‍ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.. മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെങ്കില്‍, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം. രോഗികള്‍ക്ക് കൃത്യമായ രേഖകള്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരിയും വി.എം.ശ്യാംകുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സംസ്ഥാനത്തെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ ചില വ്യവസ്ഥകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രികള്‍ അടക്കം നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയും കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഒരു രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡിസ്ചാര്‍ജ് സമ്മറിക്കൊപ്പം ഇസിജി, എക്‌സ്‌റേ, സിടി സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ റിപ്പോര്‍ട്ടുകളും രേഖകളും രോഗിക്കു കൈമാറണം. എല്ലാ ആശുപത്രികളിലും റിസപ്ഷന്‍/അഡ്മിഷന്‍ ഡെസ്‌ക്, ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയില്‍ മലയാളത്തിലും ഇംഗ്ലിഷിലും സേവനങ്ങള്‍ ഉണ്ടായിരിക്കണം. സാധാരണയുള്ള ചികിത്സ, പാക്കേജ് എന്നിവയുടെ അടിസ്ഥാന നിരക്കും പ്രദര്‍ശിപ്പിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന സങ്കീര്‍ണതകള്‍, നടപടി ക്രമങ്ങള്‍ എന്നിവ വേര്‍തിരിച്ചുണ്ടാകുമെന്ന് ഇതോടൊപ്പം അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പ്രധാന സൗകര്യങ്ങള്‍, ബെഡ് വിഭാഗങ്ങള്‍, ഐസിയു/ഒടി എന്നിവയുടെ ലഭ്യത, ലാബോറട്ടി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, ആംബുലന്‍സ്, ആവശ്യമായ മെഡിക്കല്‍ വിവരങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ ലഭ്യമാകല്‍ ഉള്‍പ്പെടെയുള്ള രോഗിയുടെ അവകാശങ്ങള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം. പരാതികളുണ്ടെങ്കില്‍ നല്‍കേണ്ടയാളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയും ജില്ലാ റജിസ്റ്ററിങ് അതോറിറ്റി/ഡിഎംഒ ഹെല്‍പ് ലൈന്‍ വിശദാംശങ്ങള്‍ എന്നിവയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്നതിന് അനുസരിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ഉള്‍പ്പെടെ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങള്‍ നല്‍കണം.
---------------
Hindusthan Samachar / Sreejith S