Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 നവംബര്‍ (H.S.)
വിദ്യാഭ്യാസ അവകാശ നിയമം കര്‍ശനമായി പാലിച്ചുകൊണ്ട്, എല്‍.പി, യു.പി സ്‌കൂളുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ അടിയന്തരമായി സ്‌കൂളുകള്‍ ആരംഭിക്കണമെന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയിലെ എലമ്പ്രയില്‍ സ്‌കൂള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധി മാനിക്കുന്നുവെങ്കിലും, വിധിയിലെ പരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് പുനഃ പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലുള്ളത്.നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, നീതി ആയോഗ് എന്നിവയുടെ കണക്കുകള്‍ പ്രകാരം കേരളം വിദ്യാഭ്യാസത്തില്‍ ബഹുദൂരം മുന്നിലാണ്.
100% സാക്ഷരതയോടെ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. ദേശീയ ശരാശരി എത്രയോ താഴെയാണ്.കേരളത്തിലെ ജനവാസ മേഖലകളില്‍ ഭൂരിഭാഗത്തും 1-2 കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് കേരളത്തില്‍ ഏതാണ്ട് പൂജ്യത്തിന് അടുത്താണ്. ഇത് ദേശീയ സാഹചര്യങ്ങളേക്കാള്‍ എത്രയോ മികച്ചതാണ്. അതായത്, സ്‌കൂള്‍ ഇല്ലാത്തതിന്റെ പേരില്‍ കേരളത്തില്‍ ഒരു കുട്ടിക്കും പഠനം നിഷേധിക്കപ്പെടുന്നില്ല.
മലപ്പുറം എലമ്പ്രയിലെ സ്‌കൂളിന്റെ കാര്യത്തില്‍, അവിടെ സൗജന്യമായി ഭൂമിയും കെട്ടിടവും ലഭ്യമാക്കാമെന്ന് തദ്ദേശസ്ഥാപനം അറിയിച്ച സാഹചര്യത്തില്‍, അത് പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണിത്. എന്നാല്‍, അത് ശാസ്ത്രീയവും പ്രായോഗികവുമായ രീതിയിലായിരിക്കണം നടപ്പിലാക്കേണ്ടത് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മികച്ചുനില്‍ക്കുന്നു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയിസ് പ്ലസ് റിപ്പോര്‍ട്ടുകളും ഏറ്റവും പുതിയ പി.ജി.ഐ സൂചികയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങള്‍.നമ്മുടെ രാജ്യത്തെ സ്‌കൂളുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അന്തരം പരിശോധിക്കുമ്പോള്‍ കേരളം പുലര്‍ത്തുന്ന ഗുണനിലവാരം വ്യക്തമാകും.
സ്‌കൂളുകളുടെ എണ്ണത്തേക്കാള്‍ ഉപരി, ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്ന ശ്രദ്ധയ്ക്കും സൗകര്യങ്ങള്‍ക്കുമാണ് നമ്മള്‍ മുന്‍ഗണന നല്‍കുന്നത്.അതുകൊണ്ട് തന്നെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം മുന്നിലെത്താന്‍ നമുക്ക് സാധിച്ചു.കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ നിലവാരം അളക്കാന്‍ ഉപയോഗിക്കുന്ന പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്‌സിലും കേരളം മുന്‍നിരയിലാണ്. സ്‌കൂളുകളുടെ എണ്ണം മാത്രം നോക്കാതെ, പഠന നിലവാരം, സൗകര്യങ്ങള്‍, തുല്യത എന്നിവയെല്ലാം പരിഗണിക്കുന്ന ഈ സൂചികയില്‍ കേരളം പ്രഥമ ശ്രേണിയില്‍ സ്ഥാനം നിലനിര്‍ത്തുന്നു എന്നത് നമുക്ക് അഭിമാനകരമാണ്.
സാക്ഷരത, അധ്യാപക പരിശീലനം, ഭൗതിക സാഹചര്യങ്ങള്‍ എന്നിവയില്‍ പഞ്ചാബ്, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.ചുരുക്കത്തില്‍,സ്‌കൂളുകളുടെ എണ്ണം കൂട്ടുക എന്നതിലുപരി, നിലവിലുള്ള സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന നയമാണ് നമ്മള്‍ സ്വീകരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഗുണനിലവാരത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഈ കണക്കുകള്‍ അടിവരയിടുന്നതായും മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S