Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 നവംബര്‍ (H.S.)
കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് നടപ്പിലാക്കുന്ന പുതിയ കോഡുകൾക്കെതിരെയാണ് മന്ത്രി ശക്തമായ വിയോജിപ്പ് അറിയിച്ചത്.
തൊഴിൽ മേഖലയിൽ പരിഷ്കാരങ്ങൾ അനിവാര്യമാണെങ്കിലും, നിലവിലെ തൊഴിൽ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെയും ക്ഷേമത്തെയും സാമൂഹിക നീതി എന്ന അടിസ്ഥാന തത്വത്തെയും അട്ടിമറിക്കുന്നതാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. തൊഴിൽ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, സുരക്ഷിതമായ തൊഴിൽ സാഹചര്യം എന്നിവയിൽ വെള്ളം ചേർക്കുന്നതാണ് പുതിയ പരിഷ്കാരങ്ങളെന്ന് കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികൾ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് 'തൊഴിൽ'. എന്നിട്ടും സംസ്ഥാന സർക്കാരുകളുമായോ കേന്ദ്ര ട്രേഡ് യൂണിയനുകളുമായോ കൃത്യമായ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വി. ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ ഇത്തരം ചർച്ചകൾ ഒഴിവാക്കുന്നത് രാജ്യത്തെ തൊഴിൽ സമാധാനം തകർക്കാൻ മാത്രമേ ഉപകരിക്കൂ.
ഈ സാഹചര്യത്തിൽ, നിലവിലെ രൂപത്തിൽ തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ അടിയന്തരമായി പിന്മാറണം. സംസ്ഥാന സർക്കാരുകളെയും തൊഴിലാളി സംഘടനകളെയും ബന്ധപ്പെട്ട മറ്റ് കക്ഷികളെയും ഉൾപ്പെടുത്തി സുതാര്യവും വിശാലവുമായ ചർച്ചകൾക്ക് തുടക്കമിടണമെന്നും, ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ പുതിയ നിയമങ്ങൾ നടപ്പിലാക്കാവൂ എന്നും മന്ത്രി വി. ശിവൻകുട്ടി കത്തിൽ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR