Enter your Email Address to subscribe to our newsletters

Kalamassery, 28 നവംബര്‍ (H.S.)
കൊച്ചി: കളമശ്ശേരിയിൽ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ ട്രാക്കിൽ നിന്ന് മാറ്റി. ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റിയതിനെതുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വൈകിയോടുകയാണ്. എഞ്ചിൻ പാളം തെറ്റിയതോടെ ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് രണ്ടു ട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങിയത്. എന്നാൽ, ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. സംഭവത്തെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഏറനാട് എക്സ്പ്രസ്, എറണാകുളം -ബെംഗളൂരു വന്ദേഭാരത്, എറണാകുളം-പാലക്കാട് മെമു തുടങ്ങിയ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.
ഇന്ന് ഉച്ചയ്ക്ക് 2.50നാണ് ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷൺഡിങ് ചെയ്യുന്നതിനിടയിൽ റെയിൽ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത്. ഷൊർണൂരേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്.
---------------
Hindusthan Samachar / Roshith K