Enter your Email Address to subscribe to our newsletters

Kerala, 28 നവംബര്‍ (H.S.)
ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. മംഗലാപുരം സ്വദേശികളായ മലയാളികളാണ് കുടുങ്ങിയത്. മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് കുടുങ്ങിയത്. ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങിയിരുന്നു. എല്ലാവരെയും താഴെയെത്തിച്ചു. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. ഇതിൽ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട്.
ആനച്ചാലിലുള്ള സ്വകാര്യ സ്കൈഡൈനിങ് കേന്ദ്രത്തിലെ സ്കൈ ഡൈനിങ് പേടകത്തിൽ വിനോദ സഞ്ചാരികളുൾപ്പെട്ട അഞ്ചംഗം സംഘം മൂന്ന് മണിക്കൂറോളമാണ് കുടുങ്ങിക്കിടന്നത്. 120 അടിയാളം ഉയരത്തിലാണ് സംഘം കുടുങ്ങിയത്. സ്കൈഡൈനിങ് കേന്ദ്രം ഉയർത്തി നിർത്തിയിരുന്ന ക്രെയിനിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സെത്തി വടം ഉപയോഗിച്ചാണ് സഞ്ചാരികളെ സുരക്ഷിതമായി താഴെയെത്തിച്ചത്.
ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണമെന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. സംഭവം നടന്ന് ഏറെ നേരത്തിനു ശേഷമാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. വേണ്ടത്ര അനുമതിയില്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
---------------
Hindusthan Samachar / Roshith K