അഷ്ടമുടിക്കായലിലെ പൂവന്‍ കക്ക പുനരുജ്ജീവനം; മൂന്ന് മാസത്തേക്ക് കക്കവാരല്‍ നിരോധിക്കണമെന്ന് ആവശ്യം
Kollam, 29 നവംബര്‍ (H.S.) അഷ്ടമുടി കായലിലെ പൂവന്‍ കക്ക സമ്പത്ത് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ശ്രമങ്ങള്‍ ഫലം കാണുന്നു. സിഎംഎഫ്ആര്‍ഐ നടത്തിയ ഫീല്‍ഡ് സര്‍വേ പ്രകാരം കക്കയിനത്തിന്റെ ഉല്‍പാദനത്തില്‍ വര്‍ധ
Ashtamudi lake


Kollam, 29 നവംബര്‍ (H.S.)

അഷ്ടമുടി കായലിലെ പൂവന്‍ കക്ക സമ്പത്ത് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ശ്രമങ്ങള്‍ ഫലം കാണുന്നു. സിഎംഎഫ്ആര്‍ഐ നടത്തിയ ഫീല്‍ഡ് സര്‍വേ പ്രകാരം കക്കയിനത്തിന്റെ ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും വിത്തുകക്കകള്‍ കായലില്‍ വ്യാപകമായതായും കണ്ടെത്തി.

സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം റീജണല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം 30 ലക്ഷം കക്കവിത്തുകള്‍ കായലില്‍ നിക്ഷേപിച്ചിരുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയില്‍ കക്കവിത്തുല്‍പാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരജ്ജീവന ശ്രമങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടത്. കായലിലെ കക്ക സമ്പത്ത് പൂര്‍വസ്ഥിതിയിലാക്കുന്നതിനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായണ് പുനരുജ്ജീവന പദ്ധതി.

ഷെല്‍ഫിഷ് ഫിഷറീസ് വിഭാഗം നടത്തിയ സര്‍വേയില്‍ കക്ക വിത്തുല്‍പാദനത്തില്‍ പുരോഗതി കൈവരിച്ചതായി കണ്ടെത്തി. ഉയര്‍ന്ന തോതില്‍ ഉപ്പുരസമുള്ള ഭാഗങ്ങളിലാണ് കൂടുതലായും കക്ക കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയുടെ വളര്‍ച്ച സുഗമമാക്കുന്നതിനും കായലില്‍ കക്ക സമ്പത്ത് പൂര്‍വസ്ഥിതിയിലാക്കുന്നതിനുമായി ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് കായലില്‍ നിന്നും കക്കവാരുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു.

വിഴിഞ്ഞം കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.കെ. അനിലിന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ച കക്കക്കുഞ്ഞുങ്ങളില്‍ 80ശതമാനത്തോളം അതിജീവനനിരക്ക് ലഭിച്ചതായി കണ്ടെത്തി. നിക്ഷേപിച്ച് ഏഴ് മാസത്തിനുള്ളില്‍ തന്നെ കക്കക്കുഞ്ഞുങ്ങള്‍ 34 മില്ലി മീറ്റര്‍ വലുപ്പമെത്തി.

ഒക്ടോബര്‍ മുതലാണ് ഇവയുടെ പ്രജനന കാലം ആരംഭിക്കുന്നത്. വിവിധ വലുപ്പത്തിലുള്ള കക്കകളാണ് കായലിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്താനായത്. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഏറ്റവും ചെറിയ വിത്തിന്റെ അളവ് 2.38 മില്ലി മീറ്റര്‍ ആണ്. ഇനിയുള്ള മാസങ്ങള്‍ ഇവയുടെ വളര്‍ച്ചക്ക് നിര്‍ണായകമാണ്. അതിനാലാണ് ഡിസംബര്‍ മുതല്‍ മൂന്ന് മാസത്തേക്ക് കക്ക വാരല്‍ നിരോധിക്കണമെന്ന നിര്‍ദേശം സിഎംഎഫ്ആര്‍ഐ മുന്നോട്ട് വെച്ചത്. സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാറാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്.

ദീര്‍ഘകാല സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി സിഎംഎഫ്ആര്‍ഐ മുന്നോട്ട് വെച്ച വിവിധ നിര്‍ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്നുണ്ട്. മിനിമം ലീഗല്‍ സൈസ് നിയന്ത്രണം, പ്രത്യേക കാലയളവിലെ നിരോധനം, മെക്കാനിക്കല്‍ ഡ്രെഡ്ജിംഗ് നിരോധനം, കക്കവാരല്‍ നിരോധിത മേഖലകള്‍ എന്നിവ ഇതില്‍പെടും.

ശാസ്ത്രീയമല്ലാത്ത മണല്‍ഖനനവും തോടുകളുടെ ശേഖരണവും വിത്തുകക്കകള്‍ വീണ സ്ഥലങ്ങളില്‍ അവ നശിക്കാന്‍ കാരണമുണ്ടാകുന്നുണ്ടെന്നും സിഎംഎഫ്ആര്‍ഐ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലുള്ള മാനേജ്‌മെന്റ് നടപടികള്‍ക്ക് സമാനമായി, നീണ്ടകര പാലത്തിന് സമീപമുള്ള ബാര്‍ മൗത്ത് പ്രദേശം കക്ക വാരല്‍ നിരോധിത മേഖലയായി നേരത്തെ പ്രഖ്യാപിച്ചത് തുടരാനും സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News