Enter your Email Address to subscribe to our newsletters

Colombo, 29 നവംബര്‍ (H.S.)
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയില്‍ മരണസംഖ്യ 100 കടന്നു.
രണ്ട് ലക്ഷത്തിലധികം ആളുകള്‍ ദുരിതബാധിതരായതായി സർക്കാർ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യതലസ്ഥാനമായ കൊളംബോയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 'ഓപ്പറേഷൻ സാഗർ ബന്ധു'വിന്‍റെ ഭാഗമായി ഇന്ത്യ കൂടുതല്‍ സഹായങ്ങള്‍ ഇന്ന് ശ്രീലങ്കയ്ക്ക് എത്തിക്കും.
അതേസമയം, കിഴക്കൻ തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഡെല്‍റ്റ ജില്ലകളിലും സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
'കള്ളക്കടല്‍' പ്രതിഭാസത്തിന്‍റെ ഫലമായി ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും (സമുദ്രത്തില്‍ അസാധാരണമായി തിരമാലകള്‍ ഉയരുന്ന പ്രതിഭാസം) സാധ്യതയുണ്ട്. നിലവില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരം പൂർണ്ണമായും ഒഴിവാക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിടുകയും സുരക്ഷിതമായ അകലം പാലിക്കുകയും വേണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR