Enter your Email Address to subscribe to our newsletters

Palakkad, 29 നവംബര്‍ (H.S.)
രാഹുൽ മാങ്കൂട്ടത്തിനെതിരെ കെപിസിസിക്കും എഐസിസിക്കും നിരവധി ഇരകൾ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാൻ നേതൃത്വം തയ്യാറാകാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പരസ്യമായി രാഹുലിന് എതിരെയുള്ള പരാതികളെ പറ്റി പറഞ്ഞിരിക്കുകയാണ്.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രതിപക്ഷനേതാവ് എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരാതികൾ പൊലീസിനെ അറിയിക്കാത്തതെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ രാഷ്ട്രീയ സദാചാരത്തിന്റെ മേലാണ് പ്രതിപക്ഷ നേതാവ് നിലപാടെടുത്തതെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ രാജിവെപ്പിക്കാൻ തയ്യാറാവുന്നില്ല. വിഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള കോൺഗ്രസിലെ പ്രമുഖ നേതാക്കന്മാർ രാഹുൽ മാങ്കൂട്ടത്തിനെ തള്ളിക്കളയുമ്പോഴും എന്തുകൊണ്ടാണ് അദ്ദേഹത്തെ രാജിവെപ്പിക്കാത്തത്. ഈ വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഇരട്ടത്താപ്പ് സമീപനത്തിന്റെ തെളിവാണിത്. ഇരകൾക്കെതിരെ വലിയതോതിൽ സൈബർ ആക്രമണം നടന്നു. കോൺഗ്രസിലെ ചില നേതാക്കൾ ചോദിക്കുന്നത് പരാതിക്കാരി എന്തുകൊണ്ടാണ് പരാതി കൊടുക്കാൻ മൂന്നുമാസം വൈകിച്ചതെന്നാണ്. പരാതിയിൽ നടപടിയെടുക്കണം എന്ന് പറഞ്ഞ വിഡി സതീശന് എതിരെ പോലും സൈബർ ആക്രമണം നടന്നു. പിന്നെ പെൺകുട്ടി എങ്ങനെയാണ് ഭയമില്ലാതെ പരാതി പറയാൻ തയ്യാറാവുക. മതതീവ്രവാദികളുടെ പോലും പിന്തുണയോടുകൂടിയാണ് കോൺഗ്രസിലെ ഇത്തരം സംഘം പ്രവർത്തിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ ഒരു അഭിപ്രായം പറഞ്ഞപ്പോൾ ഏത് ഹാൻഡിലുകളിൽ നിന്നാണ് അദ്ദേഹത്തിന് എതിരെ ആക്രമണം ഉണ്ടായതെന്ന് എല്ലാവർക്കും അറിയാം.
നിരവധി പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ട്. പലരെയും പേടിപ്പിച്ചിട്ടാണ് എല്ലാം മറച്ചുവെപ്പിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, ഇതിന് പിന്നിൽ വലിയൊരു റാക്കറ്റ് ഉണ്ട്. ചില വിധ്വംസന ശക്തികളുടെ സഹായം ഈ സംഘത്തിന് കിട്ടുന്നുണ്ട്. കോൺഗ്രസിനകത്ത് ഇപ്പോൾ വളർന്നുവരുന്ന പുതിയൊരു ഒക്കചങ്ങായിമാരാണ് ഇതിനുപിന്നിൽ. ഇത് ഒരു സംഘടിതമായ കുറ്റകൃത്യമാണ്. ആ നിലയിൽ ഗൗരവത്തോടെ ഈ കേസിനെ കാണാൻ പൊലീസ് തയ്യാറാകണം. ഈ വിഷയത്തിൽ മെല്ലെ പോക്കാണ് പൊലീസ് നടത്തുന്നത്. രാഹുൽ മാങ്കൂട്ടം പാലക്കാട് തന്നെയുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. മുൻകൂർ ജാമ്യം രാഹുലിന് കിട്ടുന്നതുവരെ കാത്തിരിക്കുകയാണോ പൊലീസ് ചെയ്യുന്നതെന്ന സംശയം ജനങ്ങൾക്ക് ഉണ്ട്. പരാതി നൽകി 48 മണിക്കൂർ കഴിഞ്ഞിട്ടും നിയമസഭ സാമാജികനായ ഒരാളെ കേരളത്തിൽ കണ്ടെത്താൻ കഴിയുന്നില്ല എന്ന് പറയുന്നത് ആഭ്യന്തരവകുപ്പിന്റെ ദയനീയ പരാജയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ എന്നിവർ സംബന്ധിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR