മുനമ്പം ഭൂസമരം നാളെ താത്ക്കാലികമായി അവസാനിപ്പിക്കും
Kochi, 29 നവംബര്‍ (H.S.) വഖഫ് വിവാദത്തെ തുടർന്ന് നാനൂറ് ദിവസത്തിലേറെയായി തുടരുന്ന മുനമ്ബം ഭൂസമരം ഈ ഞായറാഴ്ച അവസാനിക്കുന്നു. സമരം താല്‍ക്കാലികമായി പിൻവലിക്കാനാണ് കോർ കമ്മിറ്റി വെള്ളിയാഴ്ച നടത്തിയ യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചത്. സമരത്തിന്റെ414
Munambam land battle


Kochi, 29 നവംബര്‍ (H.S.)

വഖഫ് വിവാദത്തെ തുടർന്ന് നാനൂറ് ദിവസത്തിലേറെയായി തുടരുന്ന മുനമ്ബം ഭൂസമരം ഈ ഞായറാഴ്ച അവസാനിക്കുന്നു.

സമരം താല്‍ക്കാലികമായി പിൻവലിക്കാനാണ് കോർ കമ്മിറ്റി വെള്ളിയാഴ്ച നടത്തിയ യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചത്. സമരത്തിന്റെ414 -ാം ദിവസമാണ് ഞായറാഴ്ച്ച.

മുനമ്ബം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നല്‍കിയ അനുമതിയാണ് സമരത്തിന് വഴിത്തിരിവായത്. നികുതി ഈടാക്കി നല്‍കുന്നതോടെ ഭൂസ്ഥല സംബന്ധമായ നടപടികള്‍ക്ക് തടസമില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം പിൻവലിക്കാൻ ഭൂ സംരക്ഷണസമിതി തീരുമാനിച്ചു. മുനമ്ബം തീരത്ത് താമസിക്കുന്ന ഏകദേശം 250 ഓളം വരുന്ന കുടുംബങ്ങള്‍ കുഴുപ്പിള്ളി,പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു. കുഴുപ്പിള്ളി വില്ലേജില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്ക് തുറക്കുമെന്നും ഇക്കാര്യം മന്ത്രി പി. രാജീവ് ഉറപ്പുനല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

ചരിത്രപരമായ ഈ സമരത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാൻ ഞായറാഴ്ച 2.30ന് നിയമമന്ത്രി പി. രാജീവ്, വൈപ്പിൻ എം.എല്‍.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുള്‍പ്പെടെ സമരപ്പന്തലിലെത്തും. സമരസേനാനികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം ഔപചാരികമായി അവസാനിപ്പിക്കാനാണ് തീരുമാനം.

ഫാ. ആന്റണി സേവ്യർ തറയില്‍, ജോസഫ് റോക്കി പാലക്കല്‍, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവരും പങ്കെടുത്ത കോർ ഗ്രൂപ്പ് യോഗത്തിലാണ് സമരം അവസാനിപ്പിക്കല്‍ ഔദ്യോഗികമായി തീരുമാനിച്ചത്.

മുനമ്ബം ജനതയെ കുടിയിറക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടെന്നാണ് ഇന്നലെ നിയമമന്ത്രി പി.രാജീവ് അവകാശപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൻറെ കൂടി പശ്ചാത്തലത്തില്‍ പുതിയ സാഹചര്യത്തിൻറെ രാഷ്ട്രീയ ആനുകൂല്യം കൂടി ലക്ഷ്യമിട്ടാണ് മന്ത്രി പി.രാജീവിൻറെ പ്രസ്താവന. സമര സമിതി കണ്‍വീനർ ജോസഫ് ബെന്നിയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി മല്‍സരിപ്പിക്കാനുളള ചർച്ചകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. ഈ വിഷയമടക്കം ഉന്നയിച്ച്‌ സമര സമിതിയുടെ ഭാഗമായി പ്രവർത്തിച്ച ബിജെപി അനുകൂലികളില്‍ ചിലർ സമര സമിതിയില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സമര സമിതിയിലെ രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സമരം അവസാനിപ്പിക്കാനുള്ള നിർണായക തീരുമാനമുണ്ടാകുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News