Enter your Email Address to subscribe to our newsletters

Thrissur, 29 നവംബര്‍ (H.S.)
തൃശ്ശൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം കടുത്ത പ്രതിസന്ധിയിലാണ്. നൂറിലധികം രോഗികള്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുമ്ബോള്‍, ഇവിടെ സേവനത്തിനായി ഒരു കാർഡിയാക് സർജൻ മാത്രമേയുള്ളൂ.
ഈ അവസ്ഥയില്‍, അത്യാവശ്യക്കാർ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയക്കായി ഏകദേശം പത്തുമാസം വരെ കാത്തിരിക്കേണ്ടി വരുന്നു. ആഴ്ചയില്‍ വെറും രണ്ട് ശസ്ത്രക്രിയകള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്.
ഇത്രയും നീണ്ട കാത്തിരിപ്പ് അപകടകരമായതിനാല്‍, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ്. കിടപ്പാടം വിറ്റും കടം വാങ്ങിയുമാണ് ഇവർ ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്തുന്നത്. തൃശ്ശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികളും ഈ ദുരിതം അനുഭവിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവർഷമായി ഈ വിഭാഗത്തിന്റെ അവസ്ഥയ്ക്ക് മാറ്റമില്ല. കൂടുതല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്തി ഹൃദയശസ്ത്രക്രിയാ വിഭാഗം വികസിപ്പിക്കാനായി മെഡിക്കല്‍ കോളേജ് അധികൃതർ സമർപ്പിച്ച നിർദ്ദേശങ്ങള്‍ അധികൃതർ പൂർണ്ണമായും അവഗണിച്ചു. രണ്ട് സർജൻമാരുടെയും അനുബന്ധ പാരാമെഡിക്കല്‍ ജീവനക്കാരുടെയും തസ്തികകള്‍ അധികമായി അനുവദിക്കണമെന്ന ആവശ്യം നിരവധി തവണ നിവേദനങ്ങളായി സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.
മറ്റൊരു വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു കാർഡിയാക് സർജനെ ഇവിടെക്ക് നിയമിക്കാനുള്ള മെഡിക്കല്‍ കോളേജിന്റെ അഭ്യർത്ഥന പോലും നിരസിക്കപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ വരെ ഈ വിഷയം കൊണ്ടുവന്നിട്ടും പ്രയോജനമുണ്ടായില്ല.
ഈ വർഷം ടെക്നീഷ്യൻമാരുടെ കുറവ് മൂലം ഹൃദയശസ്ത്രക്രിയ യൂണിറ്റ് രണ്ടുമാസത്തോളം അടച്ചിട്ടിരുന്നു. ഈ സമയത്ത് വകുപ്പ് വികസിപ്പിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. ഒരൊറ്റ സർജനെക്കൂടി നിയമിച്ചാല്‍ നിലവിലെ കാത്തിരിപ്പ് സമയം പകുതിയായി കുറയ്ക്കാനും നിരവധി രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR