Enter your Email Address to subscribe to our newsletters

വരും വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവവും സ്പെഷ്യൽ സ്കൂൾ കലോത്സവവും ഒരുമിച്ച് നടത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങളും തുല്യപരിഗണനയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഇത്തവണ 3,100 കുട്ടികളാണ് മാറ്റുരച്ചത്. 106 ഇനങ്ങളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 1,000 രൂപ വീതം പ്രൈസ് മണി നൽകുന്നുണ്ട്.
ഇതിനു പുറമെ, കലോത്സവത്തിൽ പങ്കെടുക്കുന്ന സ്പെഷ്യൽ സ്കൂൾ സ്ഥാപനങ്ങൾക്ക് 1,500 രൂപ വീതം പാർട്ടിസിപ്പേഷൻ അലവൻസും സർക്കാർ നൽകുന്നുണ്ട്. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി പ്ലാൻ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഇൻക്ലൂസീവ് സ്പോർട്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ സ്കൂൾ കായികമേള നടത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR