Enter your Email Address to subscribe to our newsletters

Trivandrum , 29 നവംബര്‍ (H.S.)
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പുരോഗതി വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയപാർട്ടികളുടെ പ്രതിവാര യോഗത്തിലും പരാതിപ്രവാഹം. തദ്ദേശ വോട്ടെടുപ്പ് ദിവസം തന്നെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ വാശിയെന്തെന്ന് കോൺഗ്രസും ഇടതുപാർട്ടികളും ചോദിച്ചു. ഫോം ഒപ്പിട്ടവരെല്ലാം കരട് പട്ടികയിൽ വരുമെങ്കിൽ എസ്ഐആറിന്‍റെ പ്രസക്തി എന്തെന്ന സംശയം ബിജെപി ഉന്നയിച്ചു. ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുളളവരെ കമ്മീഷൻ സഹായിക്കുമെന്ന് സിഇഒ രത്തൻ ഖേൽക്കർ മറുപടി നൽകി.
എസ്ഐആർ ഫോം വിതരണവും ഡിജിറ്റലൈസ് ചെയ്യലും പൂർത്തിയാക്കാൻ ഇനി അഞ്ച് ദിവസമാണ് ബാക്കിയുള്ളത്. ഇതുവരെ തിരികെ 85 ശതമാനം ഫോമുകളാണ് ലഭിച്ചത്. 7.61 ലക്ഷം പേരുടെ ഫോമുകള്‍ തിരികെ ലഭിച്ചിട്ടില്ല. ഫോം വിതരണ പ്രക്രിയ പൂർത്തിയാക്കും മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ അവസാന അവലോകന യോഗത്തിലും സമയം നീട്ടണമെന്ന ആവശ്യം ഉയര്‍ന്നു.
തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരെ രാജ്യത്തെ പൗരൻമാരല്ലെന്ന് കണക്കാക്കി നാടുകടത്തുമെന്ന ആശങ്കയുണ്ടെന്നും എസ്ഐആർ ആളുകളിൽ ഭയമുണ്ടാക്കുന്നത് ഇതുകൊണ്ടെന്നും മുസ്ലിം ലീഗ് പ്രതിനിധി പറഞ്ഞു. കരട് പട്ടികയിൽ വരുന്നവരിൽ ഇആർഓയ്ക്ക് സംശയം തോന്നാത്തവരെല്ലാം അന്തിമ പട്ടികയിൽ വരുമെങ്കിൽ എസ്ഐആറിന്‍റെ പ്രസക്തി എന്തെന്നായിരുന്നു ബിജെപി പ്രതിനിധി ജെആര്‍ പത്മകുമാറിന്‍റെ ചോദ്യം. അർഹരായ ആരെയും ഒഴിവാക്കില്ലെന്നാണ് ഉറപ്പെന്നും ആശങ്കയുളളവരുടെ പട്ടിക നൽകിയാൽ അവരെ കമ്മീഷൻ സഹായിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കര്‍ മറുപടി നൽകി. 2002ലെ പട്ടികയിലുളളവരിൽ 91 ശതമാനം പേരെയും ഒത്തുനോക്കാൻ കഴിഞ്ഞെന്നാണ് കമ്മീഷൻ കണക്ക്
---------------
Hindusthan Samachar / Roshith K