Enter your Email Address to subscribe to our newsletters

Palakkad, 29 നവംബര്‍ (H.S.)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗക്കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെയാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്. തിങ്കളാഴ്ച പരിഗണിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി അത് ബുധാനാഴ്ച പരിഗണിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.
നിലവില്‍ എംഎല്‍എ ഒഴിവിലാണ് ഉള്ളത്. പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ ഉണ്ടെന്നും സംസ്ഥാനം വിട്ടു എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ എല്ലാം ഓഫ് ചെയ്ത നിലയിലാണ്. രാഹുലിനെ അതിവേഗത്തില്‍ അറസ്റ്റ് ചെയ്യേണ്ട എന്ന ധാരണ ആയിട്ടുണ്ട് എന്നും വിവരമുണ്ട്. പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിലാണ് അന്വേഷണസംഘത്തിന്റെ ശ്രദ്ധ.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് എന്നുമാണ് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ദീര്‍ഘകാലമായി സൗഹൃദമുണ്ട്, ഒരു ഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല, ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ആളാണ് പരാതിക്കാരി, അതുകൊണ്ട് തന്നെ ഗര്‍ഭിണി ആയതില്‍ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അബോര്‍ഷന് മരുന്ന് കഴിച്ചെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമാണ്, നിര്‍ബന്ധിക്കേണ്ട കാര്യം തനിക്കില്ല, ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ്. സിപിഎം, ബിജെപി ഗൂഢാലോചനയാണ് നടക്കുന്നത്. ബിജെപി നേതാവിന്റെ ഭാര്യയാണ് പരാതിക്കാരി. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനവും പരാതിക്ക് നിര്‍ബന്ധിച്ചിട്ടുണ്ട്. ഇതിന് തെളിവുണ്ടെന്നും രാഹുല്‍ പറയുന്നു.
ബുധനാഴ്ച ജാമ്യാപേക്ഷയില്‍ നടക്കുന്ന വാദങ്ങള്‍ രാഹുലിന് നിര്‍ണായകമാണ്. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസ് ആയതിനാല്‍ വിശദമായ വാദം കേള്‍ക്കും എന്ന് ഉറപ്പാണ്.
---------------
Hindusthan Samachar / Sreejith S