Enter your Email Address to subscribe to our newsletters

Kochi, 29 നവംബര്‍ (H.S.)
ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിയുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്‌റ് സണ്ണി ജോസഫ്. അത്തരം കാര്യങ്ങള്‍ പറയാന്‍ താന്‍ അന്വേഷണ ഏജന്‍സിയല്ലെന്നും സണ്ണി ജോസഫ്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി അച്ചടക്ക നടപടി സ്വീകരിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കു പോകും. നിയമത്തിന്റെ വഴികള്‍ സ്വീകരിക്കാന്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കിയത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണോ എന്നതിനെ പറ്റി തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ ഏറെ ബാധിക്കുന്നതും അലട്ടുന്നതുമായ വിഷയം ശബരിമലയിലെ സ്വര്‍ണമോഷണമാണ്. കോടതിയുടെ ഇടപെടല്‍ ഉണ്ടായി, പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടു പോലും നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താനോ പ്രമുഖരായ പ്രതികളിലേക്ക് എത്താനോ കഴിയിഞ്ഞിട്ടില്ല. പിടിക്കപ്പെട്ടവരില്‍ സിപിഎം ഉന്നത നേതാക്കളുണ്ട്. ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കളെ ഇപ്പോഴും പാര്‍ട്ടി സംരക്ഷിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും സ്പീക്കര്‍ക്ക് കത്തു നല്‍കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പ്രതിപക്ഷ നിരയിലല്ല ഇരുന്നത്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്. ഞാനും പ്രതിപക്ഷ നേതാവും അത് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനം സംബന്ധിച്ചുള്ള പോരായ്മകള്‍ പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S