Enter your Email Address to subscribe to our newsletters

Palakkad , 29 നവംബര്‍ (H.S.)
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരി കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തെറ്റെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. യുവതിയുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. പരാതിക്കാരിയുടെ വിവാഹത്തിൽ താൻ പങ്കെടുത്തതാണെന്നും അറിയാവുന്ന സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം വേട്ടയാടും എന്നുള്ളതുകൊണ്ടാണ് താൻ തുറന്നു പറയുന്നതെന്നും സന്ദീപ് കുറിച്ചു. സമൂഹമാധ്യമത്തിൽ പുറത്ത് വിട്ട പോസ്റ്റിലാണ് സന്ദീപ് വാര്യർ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
രാഹുൽ ഈശ്വറിന് ഉള്ള മറുപടി എന്ന നിലയിൽ അദ്ദേഹത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.
പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ , പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.
താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്.
ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് .
എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ....
---------------
Hindusthan Samachar / Roshith K