Enter your Email Address to subscribe to our newsletters

Ernakulam , 29 നവംബര്‍ (H.S.)
എറണാകുളം: ബലാൽസംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ വിഷയത്തിൽ കോൺഗ്രസ് പാർട്ടി എടുത്ത നിലപാടിൽ മാറ്റമില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ. രാഹുലുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പം പാർട്ടിയുടെ തീരുമാനങ്ങളെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും, കേസ് നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
മറ്റു രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചതിനേക്കാൾ നന്നായി കോൺഗ്രസ് ഈ വിഷയത്തില്‍ നടപടിയെടുത്തിട്ടുണ്ട്. നിയമപരമായ കാര്യത്തിൽ തടസ്സം നിൽക്കാൻ രാഹുലുമായി വ്യക്തിബന്ധമുള്ളവരോ ഇല്ലാത്തവരോ ആയ ഒരു കോൺഗ്രസ് നേതാവും ശ്രമിക്കുന്നില്ല. ഇനി നിയമപരമായി ആ കാര്യങ്ങൾ മുന്നോട്ട് പോകട്ടെ. ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ എന്ന നിലയിൽ പാലക്കാട്ടെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് പോകാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. ഔദ്യോഗികമായി കെ.പി.സി.സി.യോ ഡി.സി.സി.യോ നടത്തുന്ന പരിപാടികളിൽ അദ്ദേഹം ഭാഗഭാക്കായിട്ടില്ല, ഷാഫി പറമ്പില്‍ വ്യക്തമാക്കി.
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയിൽ പറയുന്നു.
---------------
Hindusthan Samachar / Roshith K