ശബരിമല സ്വര്‍ണക്കൊള്ള : എസ്‌ഐടി ചോദ്യം ചെയ്യുമെന്ന് സൂചന; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി
Kochi, 3 നവംബര്‍ (H.S.) ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയാണ് പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചത്. . ത
kerala high court


Kochi, 3 നവംബര്‍ (H.S.)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി

എസ്.ജയശ്രീയാണ് പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചത്. . താന്‍ നിരപരാധിയാണെന്നും ഒരു തരത്തിലുമുള്ള ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. വൃക്ക മാറ്റിവച്ചതുമൂലമുള്ള ആരോഗ്യാവസ്ഥയും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ജയശ്രീയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നതിനിടെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നാലാം പ്രതിയാണ് ജയശ്രീ.

ബോര്‍ഡ് തീരുമാനം മറികടന്ന് 2019ല്‍ ദ്വാരപാലക ശില്‍പപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഉത്തരവിട്ടത് ജയശ്രീ ആയിരുന്നു എന്നാണ് എസ്‌ഐടിയുടെ നിഗമനം. 2017 ജൂലൈ മുതല്‍ 2019 ഡിസംബര്‍ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോര്‍ഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയില്‍ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവര്‍ത്തിച്ചു. തന്റെ 38 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ തെറ്റാണെന്നും നിരപരാധിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. സെക്രട്ടറിയെന്ന നിലയില്‍ ബോര്‍ഡിന്റെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ ഹര്‍ജിയില്‍ പറയുന്നു.

ശബരിമല സന്ദര്‍ശിക്കാനുള്ള ഭാഗ്യം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ശബരിമലയില്‍ പോകാനുള്ള പ്രായപരിധി പിന്നിട്ടപ്പോഴാണ് വൃക്കയും കരളും തകരാറിലാകുന്നത്. അതിന്റെ ശസ്ത്രക്രിയകള്‍ക്കു ശേഷം നിരന്തരം മരുന്നു കഴിച്ചാണ് ജീവിക്കുന്നത്. ദുര്‍ബലമായ ശാരീരികാവസ്ഥകള്‍ക്കൊപ്പം കേസില്‍ ഉള്‍പ്പെടുക കൂടി ചെയ്തത് മാനസികമായി തളര്‍ത്തി. ഇടയ്ക്കിടെ ആശുപത്രിയില്‍ പോകേണ്ടി വരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. കേസുമായി സഹകരിക്കാന്‍ തയാറാണ്. എന്നാല്‍ തിരുവനന്തപുരംവരെ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News