Enter your Email Address to subscribe to our newsletters

Kannur, 3 നവംബര്‍ (H.S.)
ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൊല്ലപ്പെട്ട ഷെറിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ആണ് സംഭവം. കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിന് രക്തസാക്ഷി പദവി നല്‍കിയത്.
2024ലെ പാര്‍ലമെന്റ് ഇലക്ഷന്‍ സമയത്ത് വീടിന്റെ ടെറസിന് മുകളില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ ഷെറിന്‍ കൊല്ലപ്പെടുകയും ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെറിന്‍ ഉള്‍പ്പെടെ 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.
സംഭവം നടന്നയുടന്‍ സിപിഎം വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ബോംബ് നിര്‍മ്മാണത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഷെറിന്റെ വീട്ടിലേക്ക് പ്രാദേശിക സിപിഎം നേതാക്കള്‍ നടത്തിയ സന്ദര്‍ശനം അന്ന് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.
ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെടുന്ന പ്രവര്‍ത്തകരെ സിപിഎം രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായിട്ടല്ല. പാനൂര്‍ ചെറ്റക്കണ്ടിയിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നീ പ്രവര്‍ത്തകര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം സി.പി.എം. രക്തസാക്ഷി സ്മാരകം പണിതതും വിവാദമായിരുന്നു.
---------------
Hindusthan Samachar / Sreejith S