Enter your Email Address to subscribe to our newsletters

Kerala, 3 നവംബര്‍ (H.S.)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ സാധിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള സ്മാർട്ട് ക്ലാസ് മുറികൾ, മികച്ച ലാബുകൾ, ലൈബ്രറികൾ, മനോഹരമായ കെട്ടിട സമുച്ചയങ്ങൾ എന്നിവകൊണ്ട് സമ്പന്നമാണ് ഇന്ന് സംസ്ഥാനത്തെ പൊതുവിദ്യാലങ്ങൾ. ഇവിടെ പഠിക്കുന്ന കുട്ടികൾ ലോകത്തെ ഏത് കോണിലുമുള്ള വിദ്യാർഥികളോടും മത്സരിക്കാൻ കഴിവുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതി പ്രകാരം 3.90 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
കെ.വി സുമേഷ് എം എൽ എ അധ്യക്ഷനായി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം പി.പി ദിവ്യ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ ശോഭന, പഞ്ചായത്തംഗം കെ.വി മുബസീന, കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എ.കെ വിനോദ് കുമാർ, ഡിഡിഇ ഡി ഷൈനി, കണ്ണൂർ ഡിഇഒ വി ദീപ, പാപ്പിനിശ്ശേരി എഇഒ ജാൻസി ജോൺ, സ്‌കൂൾ പ്രിൻസിപ്പൽ കെ.വി അനിൽ കുമാർ, പ്രധാനധ്യാപിക ഷൈനി ബാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് ടി.കെ പ്രമോദ്, വികസന സമിതി ചെയർമാൻ ടി.ടി രഞ്ജിത് എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S