Enter your Email Address to subscribe to our newsletters

Thrissur, 3 നവംബര്‍ (H.S.)
ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സ് മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു
03/11/2025
രാജ്യത്തിന് അഭിമാനമായി മാറുകയാണ് ലാലൂരിലെ ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സെന്ന് കായിക, വഖഫ്, ഹജ്ജ് കാര്യ നിർവഹണ മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം പത്മശ്രീ ഐ.എം. വിജയൻ്റെ പേരിലുള്ള ലാലൂർ അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മന്ത്രി. കേരളത്തിൻ്റെ കായിക മേഖലയ്ക്ക് കൂടുതൽ സംഭാവന നൽകാൻ ഐ.എം വിജയൻ സ്പോർട്സ് കോംപ്ലക്സിന് സാധിക്കും. ഒമ്പത് വർഷക്കാലയളവിൽ കായിക മേഖലയിൽ 3400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയത്. കേരളത്തിൽ എല്ലാ ജില്ലകളിലും കായികതാരങ്ങളുടെ നാമധേയത്തിലുള്ള സ്പോർട്സ് കോംപ്ലക്സുകളുടെ നിർമാണത്തിന് സർക്കാർ തുടക്കം കുറിച്ചു. കേരളത്തിൻ്റെ കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിലും ഇ-സർട്ടിഫിക്കേഷൻ, സ്പോർട്സ് ഇക്കോണമി, സ്പോർട്സ് ലീഗ്, കോളേജ് ലീഗ് തുടങ്ങിയവ സംഭാവന ചെയ്തു. ലോകോത്തര നിലവാരത്തിൽ വിവിധ ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാക്കിയാൽ ഈ സ്റ്റേഡിയം രാജ്യത്തെ ഏറ്റവും മികച്ച ഇൻഡോർ സ്റ്റേഡിയമായി മാറുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. അക്വാട്ടിക്സ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജനും പവലിയൻ ബ്ലോക്കിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും നിർവഹിച്ചു. ടെന്നീസ് കോർട്ടിൻ്റെ ഉദ്ഘാടനം എ. സി. മൊയ്തീൻ എം.എൽ.എ യും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പി. ബാലചന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഐ.എം. വിജയൻ കായിക മന്ത്രിയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ, സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ ഹിരൺ ദാസ് മുരളി( വേടൻ) എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. കായിക പ്രതിഭകളെ മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ആദരിച്ചു. ലാലൂർ സമരഭടൻമാരെ എസി മൊയ്തീൻ എംഎൽ എ ആദരിച്ചു.
തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കായിക സമുച്ചയം യാഥാർഥ്യമാക്കിയത്. കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള 14 ഏക്കർ സ്ഥലത്ത്, കേരള സർക്കാർ കിഫ്‌ബി ധനസഹായത്തോടെ കിറ്റ്‌കോയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ നിർമ്മാണം നടന്നത്. 70.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് കിഫ്ബി 56.01 കോടി രൂപ അനുവദിച്ചിരുന്നു. ഒന്നാം ഘട്ടത്തിൽ, ലോകോത്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളാണ് ലാലൂരിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം, 5000 പേരെ ഉൾക്കൊള്ളാവുന്ന ഇൻഡോർ സ്റ്റേഡിയമാണ്.
ബാസ്‌കറ്റ് ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ഹാന്റ് ബോൾ കോർട്ടുകൾ സ്പോർട്സ് കോംപ്ലക്സിൽ സജ്ജീകരിച്ചിട്ടുണ്ട്. 85,318 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേഡിയം കെട്ടിടത്തിൽ രണ്ട് ഡോർമിറ്ററികൾ, നാല് ഗസ്റ്റ് റൂമുകൾ, ജിം, വി.ഐ. പി ലോഞ്ച്, മെഡിക്കൽ റൂം, 53 ടോയ്‌ലെറ്റ് സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. കൂടാതെ, ഫിഫ നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്‌ബോൾ ടർഫ്, ഐ.ടി.എഫ് നിലവാരത്തിലുള്ള അക്രിലിക് ടെന്നീസ് കോർട്ട്, 25 മീറ്റർ×12.5 മീറ്റർ വലിപ്പമുള്ള പ്രാക്ടീസ് പൂൾ ഉൾപ്പെടുന്ന അക്വാട്ടിക്സ് കോംപ്ലക്സ്, പവലിയൻ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയ മറ്റ് പ്രധാന സൗകര്യങ്ങൾ. ജല വിതരണത്തിനായി 45,000 ലിറ്ററിൻ്റെ ഓവർ ഹെഡ് വാട്ടർ ടാങ്കും, 4,75,000 ലിറ്റർ ശേഷിയുള്ള ഭൂഗർഭ ജല സംഭരണിയും സജ്ജീകരിച്ചിട്ടുണ്ട്. ഹോക്കി ഗ്രൗണ്ട്, കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള റെസിഡൻഷ്യൽ ബ്ലോക്ക് ഉൾപ്പെടുന്ന രണ്ടാംഘട്ടത്തിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വിവിധ കലാ-കായിക പ്രകടനങ്ങൾ അരങ്ങേറി.
ഡെപ്യൂട്ടി മേയർ എം.എൽ. റോസി കരാറുകാരെ ആദരിച്ചു. ചടങ്ങിൽ സംസ്ഥാന യൂത്ത് അഫയേർസ് ഡയറക്ടർ പി. വിഷ്ണു രാജ് സ്വാഗതവും തൃശൂർ മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറി വി പി ഷിബു നന്ദിയും പറഞ്ഞു. മുൻ മേയർമാരായ അജിത ജയരാജൻ, അജിത വിജയൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റു ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക, കായിക രംഗത്തെ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S