Enter your Email Address to subscribe to our newsletters

Kozhikkode, 3 നവംബര്‍ (H.S.)
പൊലീസ് യൂണിഫോമിലെ നക്ഷത്രവും സിപിഎമ്മിന്റെ കൊടിയിലെ നക്ഷത്രവും ഒരുപോലെയാണെന്നു ധരിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ അത് അങ്ങനെ അല്ലെന്ന് വൈകാതെ മാറ്റി ധരിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട പൊലീസ് സംഘര്‍ഷം വ്യാപിപ്പിക്കാനാണു ശ്രമിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫിലിനെ അന്യായമായാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. ഭരണ തുടര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എങ്ങനെ നശിപ്പിക്കും എന്നത് ബംഗാളില്‍ കണ്ടതാണ്. കേരളത്തില്‍ അതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു തുടങ്ങി''.
''പകുതി സംഘിവല്‍ക്കരിച്ച സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം എന്താകണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പോലും എടുത്ത് തുടങ്ങിയത് ഇതിന്റെ സൂചനയാണ്. ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷമായി ജനപ്രതിനിധികളായി തുടരുന്നവരെ ആദരിച്ച് മാറ്റി നിര്‍ത്തി യൂത്ത് കോണ്‍ഗ്രസുകാരെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയാറാകണം''- ഒ.ജെ.ജനീഷ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S