Enter your Email Address to subscribe to our newsletters

Kerala, 3 നവംബര്‍ (H.S.)
തൃശൂർ: സംസ്ഥാന ചലച്ചിത്ര പുരസ്കാരം തനിക്ക് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). കലാകാരൻ ഉയർത്തുന്ന രാഷ്ട്രിയത്തിനുള്ള അംഗീകാരമാണിത്. പാട്ടുകാരനേക്കാൾ രചയിതാവ് എന്നതിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. എടുക്കുന്ന പണിയ്ക്കുള്ള അംഗീകാരം ലഭിക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് ഈ പുരസ്കാരം. കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും വേടൻ പറഞ്ഞു.
ഒരു ദിവസം കൊണ്ട് എഴുതിയ പാട്ടാണ് പുരസ്കാരത്തിന് അർഹമായ 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന പാട്ട്. മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരത്തോട് നന്ദിയുണ്ട്. പടത്തിന്റെ ചർച്ചകൾക്കിടെ എന്താണ് വേണ്ടതെന്ന് ചിദംബരം പറഞ്ഞിരുന്നു. അതാണ് താൻ കൊടുത്തത്. കേൾക്കുന്നവർ ഏറ്റെടുത്തതു കൊണ്ട് അത് ഹിറ്റായെന്നും വേടൻ പ്രതികരിച്ചു.
സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാർശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലൂടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകർത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്. 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മന്ത്രി സജി ചെറിയാൻ അൽപം മുമ്പാണ് പ്രഖ്യാപിച്ചത്. മികച്ച നടൻ മമ്മൂട്ടിയും മികച്ച നടി ഷംല ഹംസയുമാണ്. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്, അസിഫ് അലി, നടിമാരായ ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമാക്കി
---------------
Hindusthan Samachar / Roshith K