Enter your Email Address to subscribe to our newsletters

Sabarimala, 3 നവംബര്‍ (H.S.)
ത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ 4ന് 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലയാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, പോലീസ് ഹെല്‍പ്പ് ഡെസ്‌ക്, 3 ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്‌സസ് സ്റ്റേഷന്‍, ഇസിജി റൂം, ഐ.സി.യു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയില്‍ എക്‌സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്‌സ് റൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലയ്ക്കല്‍ ക്ഷേത്രത്തിന് മുന്‍വശത്തായുള്ള നടപ്പന്തലില്‍ നടത്തുന്ന ചടങ്ങില്‍ റാന്നി എം.എല്‍.എ. പ്രമോദ് നാരായണ്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
---------------
Hindusthan Samachar / Sreejith S