Enter your Email Address to subscribe to our newsletters

Telungana, 3 നവംബര്‍ (H.S.)
തെലങ്കാനയില്‍ ബസിലേക്ക് ട്രക്ക് ഇടിച്ചു കയറി. രംഗറെഡ്ഡി ജില്ലയിലെ ഷെവെല്ലയ്ക്കടുത്തുള്ള മിര്‍ജഗുഡയിലാണ് അപകടമുണ്ടായത്. 24 പേര്‍ മരിച്ചതായാണ് പുറത്തു വരുന്ന വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ വര്‍ദ്ധിക്കാനാണ് സാധ്യത. എതിര്‍ദിശയില്‍ വന്ന ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുക ആയിരുന്നു. തണ്ടൂരില്‍നിന്ന് ഷെവെല്ലയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട തെലങ്കാന ആര്‍ടിസിയുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
തെറ്റായ ദിശയിലാണ് ട്രക്ക് എത്തിയത്. ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമായത്. ബസില്‍ എഴുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ട്രക്കിലെ മെറ്റല്‍ യാത്രക്കാരുടെ പുറത്തേക്കാണ് വീണത്. അതുകൊണ്ട് തന്നെ പരിക്കേറ്റവരുടെ പലരുടേയും അതീവ ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാക്കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ ഹൈദരാബാദിലേക്ക് മാറ്റി മെച്ചപ്പെട്ട ചികിത്സ നല്‍കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായധനം നല്‍കും.
'തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനി അങ്ങേയറ്റം ദുഃഖകരമാണ്. ഈ ദുഷ്‌കരമായ സമയത്ത് എന്റെ ചിന്തകള്‍ ദുരിതബാധിതരായ ആളുകളോടും അവരുടെ കുടുംബങ്ങളോടുമൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും: പ്രധാനമന്ത്രി @narendramodi,' പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു.
---------------
Hindusthan Samachar / Sreejith S