Enter your Email Address to subscribe to our newsletters

Thiruvanathapuram, 3 നവംബര്‍ (H.S.)
വര്‍ക്കലയില്‍ അക്രമി ട്രയിനില്‍ നിന്ന് ചവിട്ടി തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. കുടുംബമാണ് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം എന്നും ആക്രമണത്തിന് ഇരയായ ശ്രീക്കുട്ടിയുടെ അമ്മ പ്രീയദര്‍ശനി ആവശ്യപ്പെട്ടു.
'മകളുടെ ശരീരത്തില്‍ ഇരുപതോളം മുറിവുകളുണ്ട്. അവള്‍ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്. ഞാന്‍ അത്രയും കഷ്ടപ്പെട്ട് വളര്‍ത്തിയതാണ്' അമ്മ കരഞ്ഞ് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ടാണ് സംഭവമറിഞ്ഞത്. സോനയെയാണ് തള്ളിയിട്ടതെന്ന് മകനാണ് വിളിച്ച് പറഞ്ഞത്. നാളെ രാവിലെ മാത്രമേ വിദഗ്ധ അഭിപ്രായം പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ ചികിത്സാരേഖകളൊന്നും കാണിച്ചിട്ടില്ല. സര്‍ക്കാര്‍ ഇടപെടണം. മകളെ ജീവനോടെ തന്നെ വേണമെന്നും അമ്മ പറഞ്ഞു.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി 8.45-ഓടെ വര്‍ക്കല അയന്തിക്ക് സമീപത്ത് വച്ചായിരുന്നു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീകുട്ടിയെ അക്രമിയായ സുരേഷ് കുമാര്‍ പുറത്തേക്ക് ചവിട്ടി തള്ളിയിടുകയായിരുന്നു. ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി അര്‍ച്ചനയെയും ഇയാള്‍ തള്ളിയിട്ടിരുന്നു. എന്നാല്‍ വാതിലിന്റെ കമ്പിയില്‍ പിടിച്ച് നില്‍ക്കാന്‍ അര്‍ച്ചനക്കായി. മറ്റുയാത്രക്കാര്‍ ഓടിയെത്തി ഇവരെ രക്ഷിക്കുക ആയിരുന്നു. വാതിലിന് സമീപത്തുനിന്ന് മാറിനില്‍ക്കാത്തതിനാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.
---------------
Hindusthan Samachar / Sreejith S