Enter your Email Address to subscribe to our newsletters

Kochi, 3 നവംബര്‍ (H.S.)
സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്ക് വിദേശത്തേക്ക് പോകാന്‍ ഹൈക്കോടതി അനുമതി. വിദേശത്തു പോകുന്നതിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് വേടന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. തൃക്കാക്കര പൊലീസ് റജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ജാമ്യവ്യവസ്ഥകള്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനം വിട്ടു പോകരുത്, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളില്‍ ഇളവു വേണമെന്ന വേടന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. േനരത്തേ, ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവനുവദിച്ചിരുന്നു.
നവംബര്‍ 11ന് ദുബായ്, നവംബര്‍ 28ന് ഖത്തര്‍, ഡിസംബര്‍ 13ന് ഫ്രാന്‍സ്, ഡിസംബര്‍ 20ന് ജര്‍മനി എന്നിങ്ങനെ തനിക്കുള്ള സംഗീതപരിപാടികള്‍ കാണിച്ചാണ് വേടന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടത്. സ്റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് വിദേശത്തു പോകാന്‍ പാടില്ലെന്ന നിബന്ധന വച്ചതിലൂടെ. മാത്രമല്ല, രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നുമാണ് വേടന്‍ വാദിച്ചിരുന്നത്. സെഷന്‍സ് കോടതി ഇക്കാര്യത്തിലുള്ള ഹര്‍ജി തള്ളിയതോടെയാണ് വേടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദലിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോള്‍ തന്നോട് ലൈംഗികാതിക്രമം കാണിച്ചെന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് എടുത്തതാണ് മറ്റൊരു കേസ്.
---------------
Hindusthan Samachar / Sreejith S