Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. 2036-ലെ ഒളിംപിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും പ്രകടപത്രികയിൽ അവകാശപ്പെടുന്നു. അതേസമയം ഒളിമ്പിക്സ് ഇന്ത്യയിലാണോ എന്ന് തന്നെ ഇതുവരെ തീർച്ചയാകാത്ത സാഹചര്യത്തിൽ, ഈ വാഗ്ദാനത്തിന്റെ പേരിൽ വിവിധ കോണുകളിൽ നിന്നും രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
എല്ലാവർക്കും വീട്, തിരുവനന്തപുരത്തെ ഇന്ത്യയിലെ മികച്ച മൂന്ന് നഗരങ്ങളിലൊന്നായി മാറ്റും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്
അധികാരത്തിലേറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. നടപ്പാക്കുന്ന പദ്ധതികളുടെ പ്രോഗ്രസ് കാർഡ് എല്ലാ വർഷവും പുറത്തിറക്കും, എല്ലാ വാർഡിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
---------------
Hindusthan Samachar / Roshith K