Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 നവംബര്‍ (H.S.)
ഇന്ത്യൻ നാവികസേനയുടെ കരുത്തുകാട്ടി ശംഖുമുഖത്ത് അഭ്യാസ പ്രകടനം. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള റിഹേഴ്സൽ ഇന്നലെ സംഘടിപ്പിച്ചു. ഡിസംബർ മൂന്നിന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും.
ആർത്തുലയുന്ന തിരമാലകൾക്ക് മീതെ ഇന്ത്യയുടെ പടക്കപ്പലുകൾ. മൂടിപ്പുതച്ചു കിടന്ന ശംഖുംമുഖത്തെ കാർമേഘങ്ങളെ കീറിമുറിച്ച് യുദ്ധവിമാനങ്ങൾ. കറാച്ചിയെ വിറപ്പിച്ച ഓപ്പറേഷൻ ട്രൈഡൻ്റിൻ്റെ സ്മരണ പുതുക്കി ഓപ്പറേഷൻ ഡെമോ.
ഐഎൻഎസ് കൊൽക്കത്ത,ഐഎൻഎസ് തൃശൂൽ, ഐഎൻഎസ് ഇംഫാൽ യുദ്ധക്കപ്പലുകളും സി കിംഗ്, സീ ഹോക്,ഡോർണിയർ യുദ്ധ വിമാനങ്ങളും ചേതക് ഹെലികോപ്റ്ററുകളുമാണ് പ്രകടനങ്ങളുടെ ഭാഗമായത്. ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് ഡിസംബർ മൂന്നിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വാഭാവിക തീരം പൂർണമായും കടലെടുത്ത ശംഖുമുഖത്ത് കൃത്രിമമായാണ് തീരം ഒരുക്കിയത്. നാവികസേനയുടെ കരുത്തും മികവും അഭ്യാസപ്രകടനത്തിലൂടെ പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കുകയാണ് സേന.
8000 പേരെ ഉൾക്കൊള്ളാവുന്ന പവലിയൻ സജ്ജീകരിച്ചിട്ടുണ്ട്. ശംഖുമുഖം തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭ്യാസപ്രകടനങ്ങൾ കാണാനാകും. നാവികസേനാ ദിനമായ ഡിസംബർ 4ന് നടക്കേണ്ട അഭ്യാസ പ്രകടനങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സൗകര്യാർഥമാണ് ഒരു ദിവസം മുൻപു നടത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR