രാഹുലിന് കുരുക്കിടാൻ പൊലീസ്; ബലാത്സംഗം നടന്ന ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും
Thiruvananthapuram, 30 നവംബര്‍ (H.S.) പരമാവധി തെളിവുകൾ ശേഖരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കിടാൻ പൊലീസ്. ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പരിശോധന നടത്തുകയാണ് പൊലീസ്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പുറത്തുവന്ന ശബ
Rahul manguttathil


Thiruvananthapuram, 30 നവംബര്‍ (H.S.)

പരമാവധി തെളിവുകൾ ശേഖരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കിടാൻ പൊലീസ്. ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പരിശോധന നടത്തുകയാണ് പൊലീസ്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പുറത്തുവന്ന ശബ്‌ദ രേഖയുടെ ആധികാരികതയും പരിശോധിക്കും.

ബലാത്സംഗ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് രണ്ടുദിവസം പിന്നിടുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങാമെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദേശമുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന കടുപ്പിക്കുന്നത്.

കേസിൽ പൊലീസ് തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തി മഹസർ തയ്യാറാക്കി. പരാതിക്കാരിയേയും കൂട്ടിയാണ് പൊലീസ് ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. പാലക്കാട്ടെ ഫ്ലാറ്റിലെത്തിയും മഹസർ തയ്യാറാക്കും.

പുറത്ത് വന്ന ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂർത്തിയാകും. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഓരോ ശബ്ദരേഖയും പ്രത്യേകം പരിശോധിക്കും. രാഹുലിന്റെ ശബ്ദം സ്ഥിരീകരിച്ചാൽ അത് ശക്തമായ തെളിവാകും.

നിലവിൽ ഫോൺ ലൊക്കേഷൻ പാലക്കാടാണെങ്കിലും, രാഹുൽ പാലക്കാടുണ്ടെന്നത് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. രാഹുലിന്റെ ഫോൺ ഏതെങ്കിലും സുഹൃത്തുക്കളുടെ കൈയിലാവാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതി മൊഴിയിൽപ്പറഞ്ഞ സുഹൃത്തുക്കളുടെയും, തിരുവനന്തപുരത്ത് താമസിച്ച ഫ്ലാറ്റിലെ താമസക്കാരുടെയും മൊഴികൾ ഉടൻ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം അതിജീവിതയുടെ ഐഡിൻ്റിറ്റി വ്യക്തമാക്കുന്ന തരത്തിൽ കോൺഗ്രസിൻ്റെ ചില സൈബർ ഹാൻഡിലുകളിൽ നിന്നുള്ള ആക്രമണങ്ങളിൽ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഡിജിറ്റൽ മീഡിയ സെല്ലിലെ ചിലരും അതിജീവിതയെ സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നുണ്ട് എന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. അതിജീവിതയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട സന്ദീപ് വാര്യരുടെ നടപടിക്കെതിരെയും കെപിസിസി നേതൃത്വത്തിനുള്ളിൽ അമർഷം പുകയുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News