Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 നവംബര്‍ (H.S.)
അതിജീവിതയുടെ ഐഡന്റിറ്റി വെളിവാകുന്ന തരത്തിൽ ഫേസ്ബുക്ക് പങ്കുവച്ചതിൽ കോൺഗ്രസിൽ അമർഷം പുകയുന്നതിനിടെ വിശദീകരണവുമായി സന്ദീപ് വാര്യർ. അതിജീവിതയുടെ ഐഡന്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് ജി. വാര്യരുടെ പക്ഷം. അതിനു മാത്രം വിവേകശൂന്യൻ അല്ല താനെന്നും സന്ദീപ് പുതിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പാർട്ടി നേതൃത്വമെടുക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്നും സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
യുവതിയുടെ ഐഡൻ്റിറ്റി വെളിവാകുന്ന തരത്തിലുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്ത ശേഷം മാത്രമാണ് താൻ പോസ്റ്റ് പങ്കുവച്ചതെന്നാണ് സന്ദീപ് വാര്യരുടെ വിശദീകരണം. അങ്ങനെ ചെയ്യാതിരിക്കാൻ മാത്രം ബുദ്ധിശൂന്യനുമല്ല താൻ. അതിന്റെ ടൈമിങ് സാങ്കേതിക വിദഗ്ധർക്ക് പരിശോധിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ വർഷം പോസ്റ്റ് ചെയ്ത ഫോട്ടോ ആയതിനാൽ ഞാൻ ഡിലീറ്റ് ചെയ്തില്ലെങ്കിൽ പോലും എനിക്കെതിരെ ഒരു നിയമപ്രശ്‌നവും ഉണ്ടാകില്ല എന്നുറപ്പുണ്ടായിട്ടും ലക്ഷ്മി പത്മ അടക്കമുള്ള ചിലർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ധാർമ്മികതയുടെ പേരിലാണ് അത് ചെയ്തതെന്നും സന്ദീപ് വാര്യർ കുറിച്ചു.
കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ ശക്തമായ നടപടി എടുത്തിട്ടുണ്ട്. ആ നടപടി പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി എടുത്തതാണ് . ആ തീരുമാനത്തോടൊപ്പം നിൽക്കുക എന്നുള്ളതാണ് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും കർത്തവ്യം. അതിൽ കവിഞ്ഞ് ഇക്കാര്യത്തിൽ ഒരു വാക്ക് പോലും പറയില്ല. സത്യം വിജയിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് തള്ളി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് സംസ്കാരത്തിന്റെ ഭാഗമല്ലെന്നും നേതാക്കൾ നിലപാടെടുത്തു.അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജ്‌ന ബി സജനെതിരെ സൈബർ ആക്രമണം നടത്തിയ പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR