Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിം ബൈന്‍ഡിങ് നിയമപ്രകാരമാണ് ആക്ടീവ് സിമ്മുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക. വാട്ട്‌സ്ആപ്പ് അക്കൗണ്ടിനെ മാത്രമല്ല ടെലിഗ്രാം, സിഗ്നല്‍, സ്‌നാപ്പ് ചാറ്റ് മുതലായവ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളും ആക്ടീവ് സിമ്മില്ലെങ്കില്‍ വൈകാതെ നിര്‍ജീവമാകും.
സൈബര്‍ സുരക്ഷയ്ക്കുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിന്റേയും ഹാക്കിംഗ് തടയുന്നതിന്റേയും ഭാഗമായാണ് പുതിയ നിയമം. ഫോണില്‍ ഉപയോഗിക്കുന്ന അതേ അക്കൗണ്ടുകള്‍ കമ്പ്യൂട്ടറുകളിലോ ലാപ്‌ടോപ്പുകളിലോ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന വാട്ട്‌സ്ആപ്പ് വെബ്ബ്, ടെലിഗ്രാം വെബ്ബ് സേവനങ്ങളും പുതിയ നിയത്തോടെ തടസപ്പെടും.
ആറ് മണിക്കൂറില്‍ കൂടുതല്‍ വാട്ട്‌സ്ആപ്പ് വെബ്ബ് ലോഗിന്‍ അനുവദിക്കില്ല. ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും വാട്ട്‌സ്ആപ്പ് വെബ്ബ് അല്ലെങ്കില്‍ ടെലിഗ്രാം വെബ്ബ് അക്കൗണ്ടുകള്‍ ലോഗൗഡ്ഡ് ആകുകയും ക്യൂആര്‍ കോഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ പാസ്വേര്‍ഡ് ഉപയോഗിച്ചോ വീണ്ടും കയറേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും.
ആക്ടീവല്ലാത്ത സിം ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് അയയ്ക്കുകയും കേസുകള്‍ ഉള്‍പ്പെടെ വരുമ്പോള്‍ സിം കാര്‍ഡോ മറ്റ് വിവരങ്ങളോ വച്ച് ഉപയോക്താവിനെ തിരിച്ചറിയാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ നിയമം.
---------------
Hindusthan Samachar / Roshith K