Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്‌കാരം ചൊവ്വാഴ്ച. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമമസ്ജിദിലാണ് സംസ്കാരം. അന്നേദിവസം രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അർബുദബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്.
മലബാറിലെ ആദ്യ മുസ്ലിം വനിത എംഎൽഎയാണ് ജമീല. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. കാൻസർ ബാധിതയായി വീട്ടിൽ വിശ്രമത്തിലായിരുന്ന ജമീലയെ ഇന്നലെ രാവിലെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവർ ഒമ്പതു മാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രികളിലായിരുന്നു.
ജമീല എൽഐസി ഏജന്റായി പ്രവർത്തിക്കുന്ന കാലത്താണ് പൊതു പ്രവർത്തനത്തിലെത്തിയത്. 1995ൽ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റായി 2000ത്തിൽ തലക്കുളത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയും 2005ൽ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. 2010ലും 2020ലും കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചു. ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി.
കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി.കെ ആലിയുടേയും മറിയത്തിന്റെയും മകളാണ്. ഭർത്താവ്: കെ.അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യു.എസ്. എ), അനൂജ സഹദ് (ന്യൂനപക്ഷ കോർപ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ് , എം കെ രാഘവൻ എം പി, കെ കെ രമ എംഎൽഎ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
---------------
Hindusthan Samachar / Roshith K