Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഡൽഹി പൊലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗ് ആറ് പേർക്കെതിരെ രജിസ്റ്റർ ചെയ്ത പുതിയ എഫ്ഐആറിലാണ് ഈ കുറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ കൂടാതെ സാം പിട്രോഡയും മറ്റ് മൂന്ന് വ്യക്തികളും പ്രതികളാണ്.
ഇപ്പോൾ പ്രവർത്തനരഹിതമായ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസിന്റെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്.
നാഷണല്‍ ഹെറാൾഡ് ദിനപത്രത്തിന്റെ നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 90 കോടി രൂപ പലിശയില്ലാ വായ്പ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ 2010ൽ അഞ്ചു ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യംഗ് ഇന്ത്യന്‍ എന്ന കമ്പനി 5000 കോടിയുടെ സ്വത്തുള്ള അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയെ കൈവശപ്പെടുത്തിയെന്നാണ് കേസ്.
സോണിയ, രാഹുല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സാം പിട്രോഡ തുടങ്ങിയവരാണ് യംഗ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, യംഗ് ഇന്ത്യ, ഡോട്ടെക്സ് മാർച്ചന്ററെെസ് പ്രെെവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K