Enter your Email Address to subscribe to our newsletters

Kerala, 30 നവംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച സംഭവത്തില്‍ സൈബർ ഗ്രൂപ്പുകൾക്ക് എതിരെയും നടപടി ഉണ്ടാകുമെന്ന് സൈബര്‍ ഓപ്പറേഷന്‍റെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകും. ഇരയ്ക്ക് സംരക്ഷണം കൊടുക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പാടില്ലെന്നും കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചാൽ കർശന നടപടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. അപമാനിക്കുന്നവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാന്‍ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദേശം നല്‍കി.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ അഞ്ചു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയര്‍, അഡ്വ. ദീപ ജോസഫ്, ദീപ ജോസഫ്, രഞ്ജിത പുളിക്കന്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ഇവര്‍ക്കെതിരെ ചുമത്തി. ഇരയുടെ ചിത്രം സന്ദീപിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാല്‍ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്. പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പലരും സന്ദീപിന്‍റെ അക്കൗണ്ടില്‍ കയറി ചിത്രം കൈക്കലാക്കി.
---------------
Hindusthan Samachar / Roshith K