Enter your Email Address to subscribe to our newsletters

Kerala, 4 നവംബര്‍ (H.S.)
കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ വെട്ടിലായതോടെ നിയമകുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ സ്പോൺസറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കായികവകുപ്പും ജിസിഡിഎയും. പിടിച്ചുനിൽക്കാൻ ഒരു വഴിയും ഇല്ലാതായതോടെയാണ് സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചത്.
എന്ത് കരാറിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം കരാറുണ്ടെന്നായിരുന്നു മറുപടി. ജിസിഡിഎ ചെയർമാനും മന്ത്രിയും ആ കള്ളം പല തവണ ആവർത്തിച്ചു. വാര്‍ത്താസമ്മേളനത്തിനിടെ കരാറുണ്ടെന്ന് പറഞ്ഞ സ്പോൺസറോട് വിശദാംശങ്ങൾ ചോദിച്ചപ്പോൾ മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി കിട്ടാതായതോടെ മാധ്യമപ്രവർത്തകർ വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ തേടുകയായിരുന്നു. ഇതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്. ജിസിഡിഎ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, കായിക മന്ത്രി തുടങ്ങിയവര്‍ തമ്മിൽ നടന്ന കത്തിടപാടുകൾ മാത്രമായിരുന്നു സ്റ്റേഡിയം വിട്ടുകൊടുക്കാനുള്ള കരാർ. ജിസിഡിഎ സെക്രട്ടറി, സ്പോൺസർ, എസ്‍കെഎഫ് ചീഫ് എൻജിനിയർ എന്നിവരൊപ്പിട്ട ഒരു കടലാസ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, ഒരു വ്യവസ്ഥയും എഴുതിച്ചേർത്തിട്ടില്ലാത്ത ഈ പേപ്പറിന്‍റെ അടിസ്ഥാനത്തിലാണ് കൈമാറ്റമെങ്കിൽ പ്രശ്നം ഗുരുതരമാണ്. സർക്കാർ ഉടമസ്‌ഥതയിലുള്ള സ്റ്റേഡിയം ഒരു കരാറുമില്ലാതെ സ്വകാര്യ കമ്പനിക്കു വിട്ടുകൊടുത്തതെങ്ങനെയെന്ന ചോദ്യം ഇനിയും ഉയരും.
ഇതോടെയാണ് തിരക്ക് പിടിച്ച ത്രികക്ഷി കരാർ ഉണ്ടാക്കാൻ സര്ക്കാര് ശ്രമിക്കുന്നത്.
Hindusthan Samachar / Roshith K