Enter your Email Address to subscribe to our newsletters

Kochi, 4 നവംബര്‍ (H.S.)
2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങള്‍ക്ക് പുരസ്‌കാരം നല്‍കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാളികപ്പുറം സിനിമയിലെ ബാലതാരം ദേവനന്ദ. പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് നടത്തിയ ചില പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
കുട്ടികളും സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിക്കണമെന്നും ദേവനന്ദ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ആവശ്യപ്പെട്ടു. ബാലതാരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് ജൂറിയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായി താരം വിലയിരുത്തി.
ജൂറി ചെയര്‍മാന്‍ പുരസ്‌കാര പ്രഖ്യാപനത്തിനിടെ, കൂടുതല്‍ കുട്ടികളുടെ സിനിമകള്‍ ഉണ്ടാകണം എന്ന് പറഞ്ഞതിനെതിരെയാണ് ദേവനന്ദയുടെ വിമര്‍ശനം. 'രണ്ട് കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്നുകൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്. നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളു, പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ടാണെന്ന് പറയരുത്,' എന്ന ശക്തമായ വാക്കുകളോടെയാണ് ദേവനന്ദയുടെ പ്രതികരണം.
കൂടാതെ, പുരസ്‌കാരത്തിനായി പരിഗണിക്കേണ്ടിയിരുന്ന മികച്ച ബാലതാര പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടാനും ദേവനന്ദ മറന്നില്ല. സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍, ഫീനിക്‌സ്, എ.ആര്‍.എം തുടങ്ങിയ നിരവധി സിനിമകളില്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഈ പ്രകടനങ്ങളെയെല്ലാം ജൂറി കാണാതെ പോയത് കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
രണ്ട് കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നുവെങ്കില്‍ അത് ഒരുപാട് ബാലതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറിയേനെ. കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും പറഞ്ഞ ജൂറി ചെയര്‍മാന്‍ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും ദേവനന്ദ തുറന്നടിച്ചു.
അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടല്ല മാറ്റങ്ങള്‍ ഉണ്ടാകേണ്ടതെന്നും, മാറ്റങ്ങള്‍ക്കൊപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണമെന്നും പറഞ്ഞുകൊണ്ട് ഈ വിഷയത്തില്‍ എല്ലാ മാധ്യമങ്ങളുടെയും സിനിമാ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുന്നതായും ദേവനന്ദ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S