Enter your Email Address to subscribe to our newsletters

Coimbatore, 4 നവംബര്‍ (H.S.)
കൊയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ വെടിവച്ച് പിടിച്ച് പോലീസ്. ഗുണ, സതീഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് ഏറ്റുമുട്ടലില്‍ കീഴടക്കിയത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം. ഇതോടെ പോലീസ് മൂന്നുപേരുടേയും കാലിന് വെടിവച്ചു. പ്രതികളെ കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ചയാണ് സുഹൃത്തിനൊപ്പം കാറില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തത്. സുഹൃത്തിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. എന്നാല്‍ പുറത്തറിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു.
കൊയമ്പത്തൂര്‍ വിമാനത്താവള റണ്‍വേയ്ക്ക് സമീപത്തെ വൃന്ദാവന്‍ നഗറിലായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും കാറില്‍ ഇരുന്നത്. ഇതിനിടെ ഇവിടേക്ക് മദ്യലഹരിയില്‍ എത്തിയ അക്രമികള്‍ കാറിന്റെ ചില്ല് തകര്‍ത്തു. യുവാവിനെ തലയിലും ദേഹത്തുമായി പത്തോളം സ്ഥലങ്ങളില്‍ വെട്ടിപ്പരുക്കേല്‍പിച്ചു. പിന്നാലെ പെണ്‍കുട്ടിയെ ബലമായി കടത്തികൊണ്ടു പോവുകയും ചെയ്തു. ബോധം തെളിഞ്ഞ യുവാവ് ഫോണില്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന കുറ്റിക്കാട്ടില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ വലിയ വിമര്‍ശനമാണ് കേട്ടത്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു എന്നായിരുന്നു വിമര്‍ശനം. ഇതോടെ പ്രതികളെ എത്രയും വേഗം പിടിക്കണമെന്ന് പോലീസിന് നിര്‍ദേശം എത്തിയത്. വ്യാപക അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
---------------
Hindusthan Samachar / Sreejith S