രാജ്യത്താദ്യമായി കേരളത്തിൽ നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക നടപ്പാക്കുന്നു
Thiruvanathapuram, 4 നവംബര്‍ (H.S.) രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത
V Shivankutti


Thiruvanathapuram, 4 നവംബര്‍ (H.S.)

രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച്, സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കുന്നതിനുള്ള ബൃഹത് പദ്ധതി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര നൈപുണ്യ വികസന മന്ത്രി ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്നും സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയിൽ എത്തിച്ച് ഗുണനിലവാരം ഉറപ്പാക്കി സംസ്ഥാനത്തെ നൈപുണ്യ വികസന ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ കെയ്സിൽ അക്രെഡിറ്റ് ചെയ്യുന്നതിനുള്ള അക്രഡിറ്റേഷൻ പോളിസി തയ്യാറാക്കി കെയ്‌സ് ഭരണസമിതി അംഗീകാരം നൽകി. ഈ അക്രഡിക്കേഷൻ പോളിസി നടപ്പിലാക്കുന്നതിലൂടെ സ്വകാര്യ നൈപുണ്യ പരിശീലന രംഗത്ത് അനുഭവസമ്പത്തും വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തി നൈപുണ്യ പരിശീലനം മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്രസർക്കാരുമായി സഹകരിച്ച് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പതിനയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഉദ്യോഗാർത്ഥികൾക്കായി 2026 മാർച്ച് മാസത്തിനകം മുപ്പത്തിനാല് കോടി രൂപ ചെലവിട്ട് സംസ്ഥാന നൈപുണ്യ വികസന മിഷൻ മുഖാന്തരം പി എം കെ വി വൈ- ഫോർ നടപ്പിലാക്കുന്നതിന് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് നേതൃത്വം നൽകുന്നു.

കേന്ദ്ര നൈപുണ്യവും സംരംഭകത്വവും വകുപ്പും കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും സംയുക്തമായി രാജ്യത്ത് ആദ്യമായി മെട്രോ ആൻഡ് റെയിൽ ടെക്‌നോളജി മേഖലയിൽ ദേശീയ പരിശീലന സ്ഥാപനം ആരംഭിക്കും. കൊട്ടാരക്കരയിൽ ഡ്രോൺ ടെക്‌നോളജിയിൽ ഐഐടി പാലക്കാട്, നീലിറ്റ് എന്നിവയുമായി സഹകരിച്ച് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ടെലി കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെ പരിശീലനം നൽകും.

2026 മാർച്ച് മാസത്തിനകം പ്രവർത്തനക്ഷമമാകും വിധം തിരുവനന്തപുരത്ത് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സഹായത്തോടെ സ്‌കിൽ ഇന്ത്യാ ഇന്റർനാഷണൽ സെന്ററും മൈഗ്രേഷൻ സെന്ററും സ്ഥാപിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ്‌ സ്ഥാപിക്കും. കൊച്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ് 2026 ജനുവരി മാസത്തിനകം ഉദ്ഘാടനത്തിന് തയ്യാറാകും.

വിദേശ ഭാഷാ പരിശീലനത്തിന്റെ ഗുണനിലവാരവും സർട്ടിഫിക്കേഷൻ സൗകര്യങ്ങളും ഉറപ്പു വരുത്തി ജർമ്മൻ ഭാഷാ പരിശീലന സർട്ടിഫിക്കേഷൻ സ്ഥാപനങ്ങളായ ഗോഥെ ഇൻസ്റ്റിറ്റ്യൂട്ട്, ഒ.എസ്.ഡി., എന്നിവയുമായി സഹകരിച്ച് സ്വകാര്യഭാഷാ പരിശീലന സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വിദേശ ഭാഷാ പരിശീലനത്തിന്റെ നിലവാരം ഉറപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിൽ വരുത്തും. ഡിസംബർ 12ന് ഇതുസംബന്ധിച്ച കരാറിൽ ബഹുമാനപ്പെട്ട ജർമ്മൻ അംബാസിഡറുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന നൈപുണ്യ വികസന മിഷനും ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ ഏർപ്പെടും.

ജർമ്മനിയിൽ ഒരു ലക്ഷം രൂപ പ്രതിമാസ സ്‌റ്റൈപ്പന്റോടെ വൊക്കേഷണൽ ട്രെയിനിംഗ് പരിശീലനത്തിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാമൂഹിക വിഭാഗങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കായി രാജ്യത്ത് ആദ്യമായി ഇൻഡോ ജർമ്മൻ ട്രെയിനിംഗ് ഫെയർ സംഘടിപ്പിക്കുന്നു.2026 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ട്രെയിനിംഗ് ഫെയർ പൂർത്തീകരിച്ച് വിദ്യാർത്ഥികൾക്ക് വൊക്കേഷണൽ ട്രെയിനിംഗ് അവസരം ഉറപ്പാക്കുന്നതിനുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ മികച്ച നൈപുണ്യ ശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള തൊഴിൽ അവസരങ്ങൾ പ്രാദേശിക തലത്തിൽ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപ സമൂഹത്തിനെ സംസ്ഥാനത്ത് എത്തിച്ച് സംസ്ഥാന വ്യവസായ വകുപ്പ് ഊന്നൽ നൽകുന്ന 22 വ്യവസായ മേഖലകളിൽ നിക്ഷേപം നടത്തുന്നതിനും അതുവഴി മികച്ച തൊഴിൽ അവസരങ്ങൾ സംസ്ഥാനത്തിനകത്ത് സൃഷ്ടിക്കാനുമാണ് തൊഴിലും നൈപുണ്യവും വകുപ്പ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ആദ്യ പടിയായി ജർമ്മനിയിൽ നിന്നും 27 നിക്ഷേപകർ അടങ്ങുന്ന സംഘത്തെ ഒക്‌ടോബർ 24, 25 തീയതികളിൽ സംസ്ഥാനത്ത് എത്തിച്ച് വിവിധ വ്യവസായ പ്രതിനിധികളുമായി നിക്ഷേപം സംബന്ധിച്ച് ചർച്ചകൾ സംഘടിപ്പിച്ചു. ഇതേ തുടർന്ന് വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് ജർമ്മൻ സംഘം താൽപര്യപത്രം സമർപ്പിച്ചു. ജർമ്മനിയിലെ ഫ്രാൻക്ഫെർട്ട് നഗരം ഉൾപ്പെടുന്ന ഹെസൻ എന്ന സംസ്ഥാനത്തെ കേരളത്തിന്റെ സഹോദര സംസ്ഥാനമാക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തീകരിച്ചു. 2026 ജനുവരി മാസത്തിനുള്ളിൽ കേരളവും ജർമ്മൻ സംസ്ഥാനമായ ഹെസനുമായി സഹോദര സംസ്ഥാനം എന്ന കരാർ സാക്ഷാത്കരിക്കുവാൻ സാധിക്കും. ഇതുവഴി സാങ്കേതിക രംഗത്തും സാമ്പത്തികരംഗത്തും മാനവ വിഭവ ശേഷി പ്രയോജനപ്പെടുത്തുന്നതിലും പരസ്പരം സഹകരിക്കുന്നതിനും സാധിക്കും. ഹെസൻ സംസ്ഥാനം കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്നതും നൈപുണ്യ പരിശീലന രംഗത്തും ജർമ്മനിയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടുന്ന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News