Enter your Email Address to subscribe to our newsletters

Ferok, 4 നവംബര്‍ (H.S.)
ഫറോക്ക്∙ മുനിസിപ്പൽ ഓഫിസിനു സമീപം റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു; നിർത്തിയിട്ട സിമന്റ് ലോറി നഗരസഭാധ്യക്ഷന്റെ വീടിനു മുകളിലേക്കു തലകീഴായി മറിഞ്ഞു. വീടിന്റെ പോർട്ടിക്കോയും മുറ്റത്തു നിർത്തിയിട്ട സ്കൂട്ടറും സൈക്കിളും പൂർണമായും തകർന്നു. പരുക്കേറ്റ ഡ്രൈവർ, പാലക്കാട് മണ്ണൂർ കിഴക്കുംപുറത്ത് വടക്കുമ്പാടം വി.എസ്.സിബിയെ (29) ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖിന്റെ വീടിന്റെ മുകളിലേക്കാണ് ഇന്നലെ രാവിലെ പാതയോരത്ത് നിർത്തിയിട്ട കൂറ്റൻ ലോറി തലകീഴായി മറിഞ്ഞത്.
ആഘാതത്തിൽ വീടിന്റെ മുൻഭാഗം പൂർണമായി തകർന്നു.തമിഴ്നാട് അരിയല്ലൂരിൽ നിന്നു ഫറോക്ക് പേട്ടയിലെ ഗോഡൗണിലേക്ക് എത്തിയതായിരുന്നു ലോറി. ഗോഡൗണിൽ ചരക്ക് ഇറക്കുന്നതിന് ഊഴം കാത്ത് പാതയോരത്തു നിർത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് റോഡിന്റെ പാർശ്വഭിത്തി ഉൾപ്പെടെ താഴ്ചയിലേക്കു പതിച്ചത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ചില്ല് പൊട്ടിച്ചാണ് പുറത്തു ചാടിയത്.
720 ചാക്ക് (36 ടൺ) സിമന്റുമായി എത്തിയ ലോറി 13 അടി ഉയരത്തിൽ നിന്നാണു താഴേക്കു പതിച്ചത്. അപകടത്തിന് 5 മിനിറ്റ് മുൻപാണ് എൻ.സി.അബ്ദുൽ റസാഖിന്റെ മകൻ എൻ.സി.യൂഷഹ് കാറുമായി പുറത്തുപോയത്. ഇത് മൂലം വലിയ ദുരന്തം ആണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടസമയം വീടിന്റെ കോലായയിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ഫറോക്ക് എസിപി എ.എം.സിദ്ദിഖ്, ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വി.ഉമ്മറിന്റെ നേതൃത്വത്തിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. 2 ക്രെയിനുകൾ എത്തിച്ച് ഉച്ചയോടെ ലോറി റോഡിലേക്ക് കയറ്റി.
---------------
Hindusthan Samachar / Roshith K